കോവിഡ് 19 ദിനം പ്രതി ഭീതി സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം ഒരു സാഹചര്യം നില നിൽക്കുമ്പോൾ കൊറോണ വൈറസ് മൃഗങ്ങളിലേക്ക് പടർന്നു പിടിക്കാനുള്ള സാധ്യത വളരെയധികം കൂടുതലാണ്. കഴിഞ്ഞ ദിനങ്ങളിലായി വിദേശരാജ്യങ്ങളിലെ മൃഗശാലയിലെ കടുവയിലും വളർത്തുപൂച്ചയിലും കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. അതുകൊണ്ടുതന്നെ കൊറോണ വൈറസ് മൃഗങ്ങളിലേക്ക് പകരാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് വളർത്തുമൃഗ രോഗ സാധ്യത നിരീക്ഷണ മാർഗ്ഗരേഖ പുറത്തിറക്കി.
വീടുകളിലെ വളർത്തുമൃഗങ്ങളിൽ അസാധാരണ രോഗലക്ഷണമോ, മരണമോ ശ്രദ്ധയിൽപെട്ടാൽ അടുത്തുള്ള മൃഗാശുപത്രിയിലോ ആരോഗ്യ വകുപ്പിലോ നിർബന്ധമായും റിപ്പോർട്ട് ചെയ്യേണ്ടതാണ്. മനുഷ്യരിൽനിന്ന് മൃഗങ്ങളിലേക്ക് രോഗബാധ ഉണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനായി, വളർത്തു മൃഗങ്ങളോട് അമിതമായുള്ള സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കണമെന്നാണ് സംസ്ഥാന ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ നിർദ്ദേശം നൽകിയിട്ടുള്ളത്.
രോഗം സ്ഥിരീകരിക്കപ്പെട്ടിട്ടുള്ള വീടുകളിലെ വളർത്തുമൃഗങ്ങളെ പ്രത്യേകം ശ്രദ്ധിക്കുകയും, അവർക്ക് വേണ്ടിയുള്ള സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യണം. വെറ്റിനറി ഡോക്ടർമാർ ഉൾപ്പെടെയുള്ള മൃഗാശുപത്രിയിലെ ജീവനക്കാർ കൃത്യമായും കൊറോണ സുരക്ഷ സംവിധാനങ്ങൾ ഉപയോഗിക്കേണ്ടതാണ്.