അനുപമയുടെ അറിവോടെയാണ് കുഞ്ഞിനെ ശിശുക്ഷേമസമിതിക്ക് കൈമാറിയത്; ആരോപണവുമായി അജിത്തിന്റെ മുൻ ഭാര്യ

0
57

 

തിരുവനന്തപുരം: കുഞ്ഞിനായി പോരാട്ടം നടത്തുന്ന അനുപമയ്ക്കും അജിത്തിനുമെതിരെ ആരോപണവുമായി അജിത്തിൻ്റെ മുൻഭാര്യ. അനുപമയുടെ അറിവോടെയാണ് കുഞ്ഞിനെ ശിശുക്ഷേമസമിതിക്ക് കൈമാറിയതെന്നാണ് അജിത്തിന്റെ മുൻ ഭാര്യ ആരോപിച്ചത്.

മുൻഭാര്യ നസിയയുടെ വാക്കുകൾ: അനുപമയുടെ അറിവോടെയാണ് കുഞ്ഞിനെ ശിശുക്ഷേമസമിതിക്ക് കൈമാറിയത്. ഡിവോഴ്സ് കിട്ടിയാൽ കുഞ്ഞുമായി അജിത്തിനൊപ്പം പോകുമെന്ന് അനുപമ പറഞ്ഞതായി അവരുടെ പിതാവ് പറഞ്ഞു.

ഇതേതുടർന്ന് താൻ അനുപമയെ വീട്ടിൽ പോയി കണ്ടു. എന്നാൽ ആ സമയത്ത് അനുപമ അബോധാവസ്ഥയിൽ ആയിരുന്നില്ലെന്നും, അജിത്തുമായി താൻ ഡിവോഴ്സിന് തയ്യാറല്ലെന്ന് അനുപമയോട് പറഞ്ഞതായും നസിയ പറഞ്ഞു.

ഞാൻ ഡിവോഴ്സ് കൊടുക്കില്ലെന്ന് പറഞ്ഞതോടെ കുഞ്ഞിനെ കൈമാറാനുള്ള സമ്മതപത്രത്തിൽ അനുപമ ഒപ്പിട്ടു. ആ രേഖ അനുപമയുടെ അച്ഛൻ തനിക്ക് കാണിച്ചു തന്നതാണെന്നും നസിയ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ നസിയയുടെ ആരോപണങ്ങൾ മനഃപൂർവം സൃഷ്ടിച്ചതാണെന്ന് പറഞ്ഞ് അനുപമയും അജിത്തും രംഗത്തെത്തി. ആരോപണങ്ങൾക്ക് പിന്നിൽ സിപിഎമ്മും പിതാവുമാണെന്ന് അനുപമ പറഞ്ഞു.

തൻ്റെ പിതാവ് ജയചന്ദ്രൻ നസിയയ്ക്ക് ജോലി വാഗ്ദാനം ചെയ്തിരുന്നുവെന്നും ഇപ്പോൾ ഉള്ള വിവാദങ്ങളിൽ ശ്രദ്ധ തിരിക്കാനാണ് നസിയയെ രംഗത്തിറക്കിയിരിക്കുന്നതെന്നും അനുപമ പറഞ്ഞു.