ഏലം സ്‌റ്റോറിന്റെ നിർമാണത്തിനിടെ ഇടുക്കിയിൽ ഇലക്ട്രീഷ്യനായ യുവാവ് വൈദ്യുതാഘാതമേറ്റു മരിച്ചു. ഒൻപതേക്കർ മറ്റപ്പള്ളിക്കവല കാലാമുരിങ്ങയിൽ കെ.വി.ആഗസ്റ്റിയുടെ മകൻ ആൽവിൻ (28) ആണ് മരിച്ചത്. വണ്ടൻമേട് ചേറ്റുകുഴിയിൽ ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം.
സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ ഏലം സ്റ്റോർ നിർമാണത്തിന്റെ ഭാഗമായുള്ള വൈദ്യുതീകരണ ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. വീട്ടിൽ നിന്നും ഇവിടേയ്ക്ക് വൈദ്യുതി എത്തിക്കുന്നതിനായി സ്ഥാപിച്ചിരുന്ന എക്സ്റ്റൻഷൻ ബ്ലോക്സിൽ നിന്നാണ് വൈദ്യുതാഘാതം ഏറ്റത്. ഉടൻ തന്നെ പുറ്റടി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വണ്ടൻമേട് പൊലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു. അമ്മ ആൻസി. ഒരു സഹോദരനുണ്ട്, മാർട്ടിൻ. ശവസംസ്ക്കാരം നാളെ ഉച്ച കഴിഞ്ഞ് ഉപ്പുതറ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ നടക്കും
