തൃശൂർ: ഏക മകനെ മരണം കവർന്ന സങ്കടം മറക്കാൻ 54-ാം വയസ്സിൽ ലളിതക്കു കൂട്ടായി ഇരട്ടകണ്മണികൾ ” ഞങ്ങളുടെ ഗോപിക്കുട്ടന് പകരം ദൈവം തന്നതാണ് ഇവരെ. ഒരാളെ ഞങ്ങൾ ഗോപിക്കുട്ടൻ എന്നു തന്നെ വിളിക്കും, ഒരാളെ ഗോകുൽകുട്ടനെന്നും ” പറയുന്നത് തൃശൂർ സ്വദേശികളായ മണിയും ഭാര്യ ലളിതയും. മണിക്കും ഭാര്യക്കും അവരുടെ ജീവിതത്തിൽ പ്രതീക്ഷയായി ആകെ ഉണ്ടായിരുന്നത് അവരുടെ ഏക മകൻ ഗോപിക്കുട്ടനായിരുന്നു. എന്നാൽ 2017 മെയ് 17 ന് ഗോപിക്കുട്ടൻ സഞ്ചരിച്ച ബൈക്കിൽ ലോറിയിടിച്ച് ഗോപിക്കുട്ടൻ മരിച്ചു. ഇതോടെ ഇവരുടെ ജീവിതത്തിലെ പ്രകാശം നഷ്ടപ്പെട്ടു. തങ്ങളുടെ ജീവിതം ഇവിടെ തീർന്നു എന്നു തോന്നിതുടങ്ങിയതോടെ ഒരു കുഞ്ഞ് ഉണ്ടായിരുന്നെങ്കിൽ എന്ന ആഗ്രഹം ശക്തമായി. എന്നാൽ 35-ാം വയസ്സിൽ പ്രസവം നിർത്തിയ ലളിതയുടെ മുന്നിലുള്ള ഏക വഴി കൃത്രിമഗർഭധാരണം (IVF) മാത്രമായിരുന്നു. ബീജവും അണ്ഡവും ശരീരത്തിന് പുറത്ത് വെച്ച് സംയോജിപ്പിച്ച് ഭ്രൂണത്തെ പിന്നീട് ഗർഭ പാത്രത്തിൽ നിക്ഷേപിക്കുന്ന ചികിത്സാ രീതിയാണ് IVF. 40 ശതമാനം മാത്രം വിജയ സാധ്യതയുള്ള ഈ ചികിത്സ വലിയ ചിലവ് ഉള്ളതാണ്. ഓട്ടോ ഓടിച്ചു കുടുംബം പുലർത്തിയിരുന്ന മണിക്ക് ചികിത്സയ്ക്ക് വേണ്ടിവരുന്ന ചിലവ് താങ്ങാൻ കഴിയുമായിരുന്നില്ല. എങ്കിലും ആഗ്രഹം അത്ര വലുതായതു കൊണ്ട് അവർ പ്രതീക്ഷ കൈവിടാതെ ഗൈനക്കോളജിസ്റ്റായ ഡോ.കൃഷ്ണൻ കുട്ടിയെ കാണാൻ പോയി. “ചികിത്സ സൗജന്യമായി ചെയ്തു തരാം മരുന്നിന്റെ പണം മാത്രം നൽകിയാൽ മതി”യെന്നായിരുന്നു ഡോക്ടർ പറഞ്ഞത്. ഇതോടെ ചികിത്സ ആരംഭിച്ചു. ഏഴുമാസം നീണ്ടു നിന്ന ചികിത്സ വിജയം കണ്ടു. കൃത്രിമ ഗർഭധാരണത്തിലൂടെ ലളിത മൂന്നു കുഞ്ഞുങ്ങളെ ഗർഭം ധരിച്ചു. പക്ഷേ ഒരു കുഞ്ഞിനെ ഗർഭ കാലത്തു തന്നെ നഷ്ടപ്പെട്ടു. അതോടെ നവംബർ മാസം രണ്ടാം തീയതി ലളിതയെ തൃശൂർ മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. 34-ാം ആഴ്ചയിൽ ഡോക്ടർ മേഘ ജയപ്രകാശിന്റെ നേതൃത്വത്തിൽ കുഞ്ഞുങ്ങളെ പുറത്തെടുത്തു. ജനിച്ചപ്പോൾ ശരീര ഭാരം കുറവായിരുന്നെങ്കിലും ഇപ്പോൾ പൂർണ ആരോഗ്യവന്മാരാണ് കുഞ്ഞുങ്ങൾ. തലോരിയിൽ ഉള്ള വീട് വൃത്തിയാക്കി കുഞ്ഞുങ്ങളുമായി അങ്ങോട്ടു പോകണം എന്ന് മണി പറയുന്നു. ഇപ്പോള്‍ അവർ ഒളരിയിലുള്ള നേഴ്സിംഗ് ഹോമിൽ ആണ് താമസിക്കുന്നത്. ” കുഞ്ഞുങ്ങൾക്ക് ഇവിടുത്തെ നേഴ്സുമാർ പേരിടാം എന്നു പറഞ്ഞിട്ടുണ്ട് ഞങ്ങളിട്ടത് വിളിപ്പേരായി കിടക്കട്ടെ” സന്തോഷത്തോടെ മണി പറയുന്നു.

You must be logged in to post a comment Login