100 കോടി അല്ല, പുറത്തുവരുന്നത് 300 കോടിയുടെ തട്ടിപ്പ്

0
39

 

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 100 കോടിയിലേറെ രൂപയുടെ അഴിമതി പുറത്തുവന്നിരുന്നു. ഈ നൂറ് കോടിയെന്നത് വെറും ആരംഭം മാത്രമായിരിക്കുമെന്ന സൂചനകള്‍ സത്യമാകുന്നു. സഹകരണ ബാങ്കില്‍ നടന്നത് മുന്നൂറ് കോടിയുടെ തട്ടിപ്പാണെന്നാണ് വിവരം. അഞ്ചുവര്‍ഷത്തിനിടെ നടന്നത് 300 കോടിയുടെ തിരിമറിയെന്ന് റിപ്പോര്‍ട്ടുകള്‍.

ബാങ്ക് അധികൃതര്‍ക്കെതിരെ നിരവധി ഇടപാടുകാര്‍ ഇതിനോടകം പരാതിയുമായി രംഗത്ത് വന്നു. വായ്പ നല്‍കാമെന്ന് വാഗ്ദാനം നല്‍കി ഭൂമി തട്ടിയെടുത്തെന്നും ഇതുവഴി മൂന്ന് കോടിയോളം ബാധ്യത ഉണ്ടായെന്നും ആരോപിച്ച്‌ സായ്‌ലക്ഷ്മി എന്ന വീട്ടമ്മയാണ് ആദ്യം രംഗത്ത് വന്നത്. സി പി എം നേതാക്കളുടെ കുടുംബാംഗങ്ങളും ഈ തട്ടിപ്പില്‍ ഇരയായിട്ടുണ്ട്.

2018 -19-ലെ ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം ബാങ്കിന് ആ വര്‍ഷം 401.78 കോടിയുടെ നിക്ഷേപവും 437.71 കോടിയുടെ വായ്പയുമുണ്ട്. നിക്ഷേപങ്ങളുടെ എഴുപത് ശതമാനം മാത്രമാണ് വായ്‌പ നല്‍കാന്‍ അധികാരമെന്നിരിക്കെ ഈ ബാങ്ക് അതിന്റെ ഇരട്ടി നല്‍കിയിട്ടുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. നിക്ഷേപ – വായ്പാ അനുപാതം കാത്തുസൂക്ഷിക്കാതെ വര്‍ഷങ്ങളോളം വായ്‌പ നല്‍കുന്നതില്‍ ക്രമക്കേട് നടത്തിയതിനെ തുടര്‍ന്നാണ് വലിയ തോതിലുള്ള തുകയിലേക്ക് കാര്യങ്ങള്‍ നീണ്ടത്.

സംസ്ഥാനത്ത് സിപിഎം നയിക്കുന്ന ബാങ്കില്‍ നടന്ന ഏറ്റവും വലിയ അഴിമതിയാണിത്. 125 കോടിയെന്നായിരുന്നു പ്രാഥമിക നിഗമനം. ഇത് മുന്നൂറ് ആയ സ്ഥിതിക്ക് പാര്‍ട്ടി കൂടുതല്‍ സമ്മര്‍ദത്തിലാവുകയാണ്.

പ്രസാദ്