രാജ്യതലസ്ഥാനത്തിനടുത്തു യുപി – ഗാസിയാബാദിൽ നിന്ന് കേരളത്തിലെ ഹരിപ്പാട്ടേക്ക് 52 മണിക്കൂർ ആംബുലൻസിൽ . മൂവായിരത്തിലധികം കിലോമീറ്റർ താണ്ടിയ വണ്ടിക്കുള്ളിൽ ഗർഭിണിയായ വൃന്ദയും ഭർത്താവ് വിഷ്ണുവും. ഡോക്ടർ ഗർഭിണിയായ വൃന്ദയ്ക്കു പൂർണവിശ്രമം നിർദേശിച്ചപ്പോഴാണു ഡൽഹിക്കു സമീപത്തെ യുപി അതിർത്തി പ്രദേശമായ ഗാസിയാബാദിൽനിന്ന് ഇവർ നാട്ടിലെത്തിയത്. തിങ്കളാഴ്ച രാവിലെ 11നു യാത്ര തുടങ്ങിയ ഇവർ ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെയാണ് ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിയത് . ഇരുവരും ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരമുള്ള നിരീക്ഷണത്തിലാണ്
ഡൽഹിയിൽ കോൾ സെന്റർ ജീവനക്കാരാണ് യു.വിഷ്ണുവും വൃന്ദയും. വൃന്ദ ഗർഭിണിയാണെന്നു ഒരു മാസം മുൻപാണ് മനസ്സിലായത്. ലോക്‌ഡൗണിനിടെ ഭക്ഷണവും മരുന്നും വാങ്ങാൻ പുറത്തേക്കിറങ്ങിയ വിഷ്ണുവിനെ പൊലീസുകാർ മർദ്ദിച്ചിരുന്നു. തുടർന്ന് നാട്ടിലെത്താനുള്ള വഴി അന്വേഷിച്ചപ്പോഴാണ് ആശുപത്രി അധികൃതർ യാത്രയ്ക്കുള്ള ആംബുലൻസും വൈദ്യസഹായവും നൽകാമെന്ന് അറിയിച്ചത്.
ഇതോടെ അതിനായി വേണ്ട തുക 1.20 ലക്ഷം രൂപയ്ക്കു നെട്ടോട്ടമായി. ഒടുവിൽ മത്സ്യത്തൊഴിലാളിയായ അച്ഛൻ ഉണ്ണിയും തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ ശോഭയും മറ്റു ബന്ധുക്കളും ചേർന്നു കുറച്ചു തുക കണ്ടെത്തി. കാർത്തികപ്പള്ളി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എസ്.വിനോദ് കുമാർ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി ബന്ധപ്പെട്ടു ബാക്കി തുക ലഭ്യമാക്കിയതോടെ ഇവർ യാത്ര തിരിക്കുകയായിരുന്നു. പൊലീസ് വാളയാറിൽ വച്ച് വണ്ടി തടഞ്ഞ് തിരികെ പോകാൻ നിർദേശിച്ചപ്പോഴും ഇടപെട്ടത് പ്രതിപക്ഷ നേതാവാണ് .

You must be logged in to post a comment Login