തിരിവനന്തപുരം : ചൈനയിൽ കൊറോണ വൈറസ് മൂലം നിരവധി ആളുകൾ മരിച്ച സാഹചര്യത്തിൽ ചൈനയിൽ നിന്നും സംസ്ഥാനത്ത് എത്തിയ എല്ലാ ആളുകളും നീരീക്ഷണത്തിലാണ്. ചൈനയിൽ വിവിധ ആവശ്യങ്ങൾക്ക് പോയി തിരിച്ചു വന്ന 288 പേർ നിരീക്ഷണത്തിലാണ് എന്ന് അധികൃതർ അറിയിച്ചു. 281 പേർ സ്വന്തം ഭവനത്തിലും ബാക്കി ഏഴുപേർ വിവിധ ആശുപത്രികളിലെ ഐസുലേഷൻ വാർഡുകളിലുമാണ്. സംശയം തോന്നിയവരുടെ രക്ത സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ചൈനയിൽ കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് പേരാവൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു കുടുംബം കൊൽക്കത്ത എയർപോർട്ട് വഴി കേരളത്തിൽ എത്തിയിട്ടുണ്ട്. എന്നാൽ നാട്ടിലെത്തിയ ഇവർ മറ്റൊരിടത്തേയ്ക്ക് മാറിയതിനാൽ ആരോഗ്യ വകുപ്പ് അധികൃതർക്ക് ഇവരുമായി ബന്ധപ്പെടാൻ സാധിച്ചില്ല. ചൈനയിൽ നിന്നും മടങ്ങിയെത്തുന്നവരെ നിരീക്ഷിക്കാൻ വിമാനത്താവളത്തിൽ ആരോഗ്യ വകുപ്പ് തെർമ്മൽ സ്ക്രീനിഗ് ഉൾപ്പെടയുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. ഇതിനിടെ ചൈനയിൽ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2744 ആയി ഉയർന്നിട്ടുണ്ട് മരണ നിരക്ക് ഇനിയും ഉയരും എന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. പടർന്നു പിടിക്കാനുള്ള വൈറസിന്റെ ശക്തി ഉയരുകയാണെന്ന് ചൈന റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ മുന്‍പുണ്ടായ സാർസിന് സമാനമായ അവസ്ഥയാണ് ഇപ്പോൾ ചൈന നേരിട്ടു കൊണ്ടിരിക്കുന്നത്. പ്രതിരോധത്തിലൂടെയും നിയന്ത്രണത്തിലൂടെയും വൈറസ് പടരുന്നത് തടയുമെന്നും ഈ പരീക്ഷണത്തെ അതിജീവിക്കും എന്നും ഈ പോരാട്ടത്തിൽ വിജയം ഉറപ്പാണെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പറഞ്ഞു.

You must be logged in to post a comment Login