കൊവിഡ് 19 രോഗഭീഷണിക്കെതിരെ പ്രതിരോധ മാര്‍ഗങ്ങളുടെ ഭാഗമായി ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യ. ആളുകള്‍ ഞായറാഴ്ച വീടുകളില്‍ നിന്നു പുറത്തിറങ്ങരുതെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. ഈ ഒരു ദിനം കൊണ്ട് എന്തുചെയ്യാനാണ് എന്ന വിമര്‍ശനങ്ങൾക്കിടയിലും ആഴ്ചകള്‍ നീണ്ടേക്കാവുന്ന ലോക്ക് ഡൗണിന്‍റെ ഒരു ടെസ്റ്റ് ഡോസാണ് ഇപ്പോൾ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന സൂചനകളുണ്ട്. മരണസംഖ്യ വര്‍ധിക്കുകയും രോഗബാധ ഗുരുതരമാകുകയും ചെയ്യുന്ന രാജ്യങ്ങളില്‍ ആഴ്ചകള്‍ നീളുന്ന ലോക്ക്ഡൗണും അടിയന്തരാവസ്ഥയും നടപ്പിലാക്കാനാണ് തീരുമാനം.
ലോകത്ത് പലരാജ്യങ്ങളിലും തുടക്കമിട്ട ഈ ലോക്ക്ഡൗണ്‍ ഒരു പക്ഷെ ലോകജനതയുടെ തന്നെ പുതിയ ജീവിതക്രമമായേക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഫലപ്രദമായ മരുന്നോ വാക്സിനോ കൊവിഡ‍് 19 രോഗത്തിനെതിരെ ലഭ്യമല്ലാത്ത സാഹചര്യത്തിൽ സോഷ്യല്‍ ഡിസ്റ്റൻസിങ് മാത്രമാണ് ആകെ ഉള്ള പ്രതിവിധി. വിദേശത്തു നിന്നെത്തുന്നവരിലും അവരുമായി ബന്ധപ്പെടുന്നവരിലും മാത്രം വൈറസ് സാന്നിധ്യം കണ്ടെത്തുന്ന അവസ്ഥ മാറി സമൂഹത്തിലേയ്ക്ക് രോഗം പരക്കുന്ന സാഹചര്യം ഉണ്ടായാൽ കാര്യങ്ങൾ കൈ വിട്ടു പോകും എന്നതിനാൽ തന്നെ ഇപ്പോൾ പ്രദേശത്തെ മുഴുവൻ ആളുകളോടും വീടുകളിൽ ഇരിക്കാൻ നിര്‍ദേശിക്കുക മാത്രമാണ് ഫലപ്രദമായ ഏക മാര്‍ഗം.
ലോകത്ത് മിക്ക രാജ്യങ്ങളിലും ആളുകള്‍ അടുത്ത 18 മാസത്തോളം ലോക്ക് ഡൗണിലായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ഫലപ്രദമായ വാക്സിന്‍
കൊവിഡ‍് 19നെതിരെ വികസിപ്പിച്ച് വിതരണം ചെയ്യുന്ന സമയം വരെ സോഷ്യല്‍ ഡിസ്റ്റൻസിങ് അല്ലാതെ മറ്റു പ്രതിവിധികൾ ഇപ്പോൾ നിലവിലില്ല. നിയന്ത്രണങ്ങള്‍ പിന്‍വലിച്ചാൽ രോഗികളുടെ എണ്ണവും പെട്ടെന്നു കുതിച്ചുയരുന്ന കാഴ്ചയാകും കാണാനാകുക. അത് കൊണ്ട് ലോക്ക് ഡൗണ്‍ ആവര്‍ത്തിച്ചു നടപ്പാക്കേണ്ടി വരും. വാക്സിന്‍ പരീക്ഷണങ്ങള്‍ ചൈനയിലും യുഎസിലും ഇതിനോടകം ആരംഭിച്ചത് ആശ്വാസം പകരുന്ന വാര്‍ത്തയാണ്.
90 കോടിയോളം ജനങ്ങളാണ് 35 രാജ്യങ്ങളിലായി നിലവില്‍ ദിവസങ്ങളോളം നീളുന്ന ലോക്ക് ഡൗണില്‍ കഴിയുന്നത് എന്നാണ് കണക്കുകൾ . വൈറസ് ബാധ ഗുരുതരാവസ്ഥയിലെത്തിച്ച ഇറ്റലി സ്പെയിൻ, ഫ്രാൻസ്, യുഎസ് തുടങ്ങിയ രാജ്യങ്ങളിലും കടുത്ത നിയന്ത്രണം തുടരുകയാണ്. പരമാവധി ആളുകളിലേയ്ക്ക് രോഗം എത്തിയാല്‍ ഗുരുതരാവസ്ഥയില്‍ എത്തുന്ന രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാകുകയും ആശുപത്രി സൗകര്യങ്ങളുടെ അഭാവം മൂലം മരണനിരക്കില്‍ വലിയ വര്‍ധനവുണ്ടാകുകായും ചെയ്യും.
നിലവില്‍ രോഗം സ്ഥിരീകരിച്ചവരെ ഐസൊലേറ്റ് ചെയ്യുകയും രോഗം സംശയിക്കുന്നവരെ വീട്ടുനിരീക്ഷണത്തിലാക്കുകയുമാണ് ഇന്ത്യ നടപ്പിലാക്കുന്ന രീതി. സ്കൂളുകളും കോളേജുകളും അടച്ചിടാനും നിര്‍ദേശമുണ്ട്. ദീര്‍ഘകാലം ലോക്ക് ഡൗണ്‍ രീതി മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കില്ലെന്നതു കൊണ്ടു തന്നെ ജനങ്ങളോടു കുറച്ചു കാലം വീടുകളില്‍ ഇരിക്കാൻ നിര്‍ദേശിക്കുകയും തുടര്‍ന്ന് കുറച്ചു കാലം നിയന്ത്രണങ്ങളില്‍ അയവു വരുത്തുകയും ചെയ്യാനാണ് സാധ്യത. രോഗം നിയന്ത്രണവിധേയമെന്ന് തോന്നുമ്പോള്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയും രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുകയാണ് ഏക പ്രതിവിധി.
നിലവില്‍ യുഎസിലും യുകെയിലും ചൈനയിലും വൈറസിനെതിരെ വാക്സിൻ നിര്‍മിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. വാക്സിന്‍ വിപണിയിലെത്തുന്നത് വരെ സോഷ്യല്‍ ഡിസ്റ്റന്‍സിങ് ഉള്‍പ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങള്‍ ലോകജനത പാലിച്ചേ മതിയാകൂ.

You must be logged in to post a comment Login