വൈക്കം മുഹമ്മദ് ബഷീറിന് ഇന്ന് നൂറ്റിപ്പതിനൊന്നാം പിറന്നാള്‍. ബേപ്പൂര്‍ സുല്‍ത്താന്റെ ഓര്‍മകള്‍ നിറഞ്ഞ കോഴിക്കോട് വൈലാലിലെ വീട്ടില്‍ ബന്ധുക്കളും, സുഹൃത്തുക്കളും, വിദ്യാര്‍ഥികളും എല്ലാവരും ഒത്തുചേര്‍ന്നു. ബഷീറിന്റെ വേഷത്തിലെത്തിയ അപരനെക്കണ്ട് കുട്ടികളുള്‍പ്പെടെ ആവേശഭരിതരായി.
ചാരുകസാരയും,പാട്ടും, മാങ്കോസ്റ്റിന്‍ മരച്ചോടുമെല്ലാം അതേമട്ടില്‍. വിളി കേട്ടാല്‍ ഈണത്തില്‍ കരയുന്ന പാത്തുമ്മയുടെ ആടും വൈലാലിലെ വീട്ട് മുറ്റത്ത് ഉണ്ടായിരുന്നു . വന്നവരോട് കുശലം പറഞ്ഞ് സ്വീകരിക്കാനിറങ്ങിയത് ബഷീറിന്റെ അതേ വേഷത്തില്‍ സല്‍ക്കാര പ്രിയനായ സുഹൃത്ത് എം.ഷണ്‍മുഖന്‍ ആയിരുന്നു
പുതുതലമുറയ്ക്ക് ബഷീറെന്ന എഴുത്തുകാരനെയും മനുഷ്യ സ്നേഹിയെയും തിരിച്ചറിയാനുള്ള അവസരമായിരുന്നു ഈ നൂറ്റിപ്പതിനൊന്നാം ജന്‍മദിനം . ബഷീറിന്റെ പുസ്തകങ്ങൾ നിരത്തി, കഥാപാത്രങ്ങളായി വേഷമിട്ട്, അനുഭവകഥകള്‍ അരങ്ങിലെത്തിച്ച് വീട്ടില്‍ സംഘടിപ്പിച്ച ആഘോഷത്തില്‍ ബഷീറിന്റെ മകനും സുഹൃത്തുക്കളും നാട്ടുകാരും പങ്കാളികളായി. നിരവധി സ്കൂള്‍ വിദ്യാര്‍ഥികളും കഥാകാരനെ അറിയാനെത്തിയിരുന്നു . പാറ്റയും, തേളും, പാമ്പും പഴുതാരയുമെല്ലാം ഭൂമിയുടെ അവകാശികളെന്ന് നിരന്തരമെഴുതിരുന്ന ബേപ്പൂര്‍ സുല്‍ത്താന് ലാളിത്യം നിറഞ്ഞ പിറന്നാളാഘോഷം.

You must be logged in to post a comment Login