100 വർഷത്തിനിടയിലെ ഏറ്റവും കടുത്ത ശൈത്യത്തിൽ ഡൽഹി..

0
496

ന്യൂഡല്‍ഹി: 100 വർഷത്തിനിടയിൽ ഏറ്റവും വലിയ തണുപ്പിൽ ന്യൂഡൽഹി.രാജ്യതലസ്ഥാനത്തു ഇന്നു രാവിലെ രേഖപ്പെടുത്തിയ താപനില 2.4 ഡിഗ്രി സെൽഷ്യസാണ് . ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയും നൂറ്റാണ്ടിലെ ഏറ്റവും തണുത്ത രണ്ടാമത്തെ ഡിസംബറും കൂടിയാണ് ഇപ്പോൾ കടന്നു പോകുന്നത് . ഇതിനു മുമ്പ് 1901 ലായിരുന്നു ഡൽഹിയിൽ ഏറ്റവും കൂടുതല്‍ തണുപ്പ് അനുഭവപ്പെട്ടത്.

ഇന്ന് രാവിലെ 6.10 ഓടെയാണ് ഡൽഹിയിൽ ഏറ്റവും കുറഞ്ഞ താപനില റിപ്പോർട്ട് ചെയ്തത്. ദിവസങ്ങളായി തുടരുന്ന കനത്ത മൂടൽ മഞ്ഞ് ഡല്‍ഹിയിലെ റെയില്‍, റോഡ്, വ്യോമ ഗതാഗതങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട് . വെള്ളിയാഴ്ച റിപ്പോര്‍ട്ട്‌ ചെയ്ത ഏറ്റവും കുറഞ്ഞ താപനില 4.2 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 12.9 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു.

ഹിമാചല്‍പ്രദേശിലെ കുഫ്രി, മണാലി, സോലാന്‍, ബന്ദര്‍, സുന്ദെര്‍നഗര്‍, കല്‍പ എന്നിവിടങ്ങള്‍ സബ്- സീറോ താപനിലയിലാണ്. പഞ്ചാബ്, ഹരിയാന, ഛത്തീസ്ഗഢ്, ഡല്‍ഹി, വടക്കന്‍ രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ അതിശൈത്യത്തിനു സാധ്യതയുണ്ടെന്നും അടുത്തയാഴ്ചയോടെ ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും മഴയും കൊടുങ്കാറ്റും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട് .