സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ ആരോഗ്യ വകുപ്പുമായി സഹകരിച്ചില്ലെങ്കില്‍ പൊലീസ് സഹായം തേടുമെന്ന് കളക്ടര്‍

0
478

പത്തനംതിട്ട: കോവിഡ്-19 വൈറസ് സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയ ചിലര്‍ ആരോഗ്യവകുപ്പുമായി സഹകരിക്കുന്നില്ലെന്ന് പത്തനംതിട്ട ജില്ല കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. സമ്പര്‍ക്കപ്പട്ടികയിലുള്ള സഹകരിക്കാത്തവരെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് സഹായം തേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങേണ്ട ആവശ്യമില്ലെന്നും അവര്‍ക്ക് ഭക്ഷണം വീടുകളിലെത്തിക്കുമെന്നും കളക്ടര്‍ പറഞ്ഞു. നിരീക്ഷണത്തില്‍ കഴിയുന്ന 28 പേരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നും കളക്ടര്‍ അറിയിച്ചു. ഇറ്റലിയില്‍ നിന്നെത്തിയ ദമ്പതികളുടെ വയോധികരായ മാതാപിതാക്കള്‍ക്കും ബന്ധുക്കളായ അമ്മയ്ക്കും മകള്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. വയോധികര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അറുപത്തിമൂന്നുകാരിയായ അമ്മയും ഇരുപത്തിയെട്ടുകാരിയായ മകളും കോഴഞ്ചേരി ജില്ലാ ആശുപത്രിയിലുമാണ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന 89 കാരിയുടെ നില ഗുരുതരമായി തുടരുകയാണ്. പത്തനംതിട്ടയില്‍ നിന്നും അയച്ച സാമ്പിളുകളില്‍ ഉച്ചയ്ക്ക് ശേഷം വന്ന അഞ്ച് പരിശോധന ഫലങ്ങളും നെഗറ്റീവ് ആണ്.