ആംബുലന്‍സില്‍ ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് ആദിവാസി യുവതി റോഡരികില്‍ കുഞ്ഞിന് ജന്മം നല്‍കി. മധ്യപ്രദേശിലെ പന്ന ജില്ലയിലാണ് സംഭവം. പൂര്‍ണഗര്‍ഭിണിയായിരുന്ന യുവതിയെ ആശുപത്രിയിലേക്ക് 108 ആംബുലന്‍സില്‍ കൊണ്ടുപോകുംവഴിയാണ് ഇന്ധനം തീരുന്നത്. കമ്മ്യൂണിറ്റി ഹെല്‍ത് സെന്ററിലേക്ക് പോകും വഴി അര്‍ധരാത്രിയോടെ വാഹനം വഴിയരികില്‍വച്ച് നിന്നുപോകുകയും ഡ്രൈവര്‍ ഇന്ധനം തീര്‍ന്ന വിവരം വാഹനത്തിലുള്ളവരെ അറിയിക്കുകയും ചെയ്തു.
തുടര്‍ന്ന് വാഹനത്തില്‍ നിന്നിറങ്ങിയ യുവതി റോഡ് സൈഡിലാണ് പ്രസവിച്ചത്. കല്ലുകള്‍ നിറഞ്ഞ റോഡില്‍ ഷീറ്റ് വിരിച്ച് പ്രസവിച്ച യുവതിക്കൊപ്പം ആംബുലന്‍സിലുണ്ടായിരുന്ന ആരോഗ്യ പ്രവര്‍ത്തകരും സഹായത്തിനെത്തി. തൊട്ടടുത്ത് പാര്‍ക്ക് ചെയ്ത ആംബുലന്‍സില്‍ നിന്നുള്ള വെളിച്ചമാണ് പ്രസവ സമയത്ത് ആകെയുണ്ടായിരുന്നത്.
