വണ്ണം കുറയ്ക്കാന്‍ ഈ മാര്‍ഗ്ഗങ്ങള്‍!

0
464

വണ്ണം കുറയ്ക്കലില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വ്യായാമം. ശരീരത്തിലെ ഉപാപചയ നിരക്കിന്റെ തോത് വര്‍ദ്ധിപ്പിക്കുക വഴിയാണ് ഊര്‍ജ്ജ ഉപഭോഗം കൂടുതലാക്കുന്നത്. ശരീരം ഇളകി വ്യായാമം ചെയ്യുന്നതോടെ ശരീരത്തിലെ കൊഴുപ്പ് ഉരുകി ഊര്‍ജ്ജമാക്കിമാറ്റപ്പെടുന്നു. ബാഡ്മിന്റണ്‍ പോലുള്ള ഗെയിമുകള്‍, വേഗത്തിലുള്ള നടപ്പ്, നീന്തല്‍ തുടങ്ങിയ സാധാരണ വ്യായാമ മുറകള്‍ എല്ലാ ദിവസവും മുടങ്ങാതെ ചെയ്യണം
ആവശ്യത്തിനുള്ള ഉറക്കം
ഉറക്കം കൃത്യമായില്ലെങ്കില്‍ അതു നമ്മുടെ വിശപ്പിനെ നിയന്ത്രിക്കുന്ന ഹോര്‍മോണുകളെ താറുമാറാക്കും. അതിന്റെ ഫലമായി ഭക്ഷണം കൂടുതല്‍ കഴിക്കും. ആവശ്യത്തിന് ഉറക്കം കിട്ടാത്ത ദിവസം ഒരാള്‍ 500 കലോറിയുടെ ഭക്ഷണം കൂടുതല്‍ കഴിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. അധിക കാലറിയെ ദഹിപ്പിച്ചുകളയാനുമാകില്ല. ഉപാപചയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിന് ഉറക്കം അത്യന്താപേക്ഷിതമാണ്.
വെള്ളം ധാരാളം കുടിക്കണം
വണ്ണം കുറയ്ക്കലിന്റെ ആരംഭ സമയത്ത് ശരീരഭാരം കുറയുന്നത് പ്രധാനമായും ജല നടഷ്ടത്തിലൂടെയാണ്. അതുകൊണ്ടുതന്നെ നിര്‍ജലികരണം ഒഴിവാക്കുന്നതിനായി ആവശ്യത്തിനു വെള്ളം കുടിക്കണം. കാലറി ദഹിപ്പിക്കുന്ന പ്രക്രിയ സുഗമമായി, ഫലപ്രദമായി നടക്കുന്നതിനു വെള്ളം അനിവാര്യമാണ് കാരണം കൊഴുപ്പ് ദഹിച്ചുപോകുന്ന പ്രക്രിയയെ നിര്‍ജലീകരണം സാവധാനത്തിലാക്കുന്നു. വെള്ളം കുടിക്കുന്നതുകൊണ്ടു മറ്റൊരു ഗുണം കൂടിയുണ്ട്. ആഹാരം കഴിക്കുന്നതിനൊപ്പം വെള്ളം കുടിച്ചാല്‍, വയറുനിറഞ്ഞ തോന്നല്‍ പെട്ടെന്നുണ്ടാകും. അങ്ങനെ കഴിക്കുന്നതിന്റെ അളവു കുറയുകയും ചെയ്യും.
ഉപ്പ് ആവശ്യത്തിനു മാത്രം
നമ്മുടെ ശരീരത്തില്‍ നിലനിര്‍ത്തപ്പെടുന്ന ജലാംശത്തെയാണ് ഉപ്പു ബാധിക്കുന്നത്. കൂടുതല്‍ അളവില്‍ ഉപ്പ് ആഹാരത്തിലൂടെ ഉള്ളിലെത്തുമ്പോള്‍ അതു നമ്മുടെ ശരീരത്തില്‍ കൂടുതല്‍ അളവില്‍ ജലം പിടിച്ചു നിര്‍ത്തുന്നതിന് കാരണമാകുന്നു. അതുകൊണ്ടുതന്നെ ശരീരത്തിനു വീര്‍ക്കല്‍ തോന്നുകയും ശരീരഭാരത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുകയും ചെയ്യുന്നു. നിര്‍ദ്ദേശിക്കപ്പെട്ട അളവില്‍ മാത്രം ഉപ്പ് ആഹാരത്തിലുള്‍പ്പെടുത്തുന്നതിലൂടെ ഈ അധിക ജലാംശത്തിന്റെ പ്രശ്‌നം ഒഴിവാക്കാം.
പ്രകൃതിയുമായി ഇണങ്ങി ജീവിക്കണം
പ്രകൃതിക്കിണങ്ങിയ ജീവിതശൈലി തിരഞ്ഞെടുത്താല്‍ അസ്വഭാവികമായി ഉണ്ടായ ഭാരം താനെ കുറയും. പ്രകൃതിദത്തമായ ഭക്ഷണം ശീലമാക്കണം. വറുത്തതും പൊരിച്ചതും കൊഴുപ്പു നിറഞ്ഞതും കൃത്രിമ പദാര്‍ത്ഥങ്ങള്‍ ചേര്‍ത്തതും സംസ്‌കരിച്ചതുമായ ഭക്ഷണം ചെറിയ അളവില്‍ മാത്രമാക്കി ചുരുക്കി ശീലിക്കാം. സോഫ്ട് ഡ്രിങ്കുകള്‍ വേണ്ട. ആവശ്യത്തിനു വെള്ളം കുടിക്കാം. അനാവശ്യമായി മരുന്നുകളും കഴിക്കരുത്.