മൂന്നാമതൊരാൾക്കു കൂടി കൊറോണ കേരളം അതീവ ജാ​ഗ്രതയിൽ !

0
485

 

വുഹാനില്‍ നിന്നും തിരിച്ചെത്തിയ കാസർഗോഡ് ജില്ലയിലെ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി  കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്.
നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ല. ഞായറാഴ്ച വരെ 104 സാമ്പിളുകള്‍ പരിശോധന നടത്തിയതില്‍ തൃശൂര്‍, ആലപ്പുഴ ജില്ലകളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരുന്നത്. ഇതോടെ സംസ്ഥാനത്ത് മൂന്ന് പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ സാമ്പിൾ പരിശോധന ആരംഭിക്കാനുള്ള സംവിധാനം ഒരുങ്ങിയിട്ടുണ്ട്. ഡോ. സുഗുണന്റെ നേതൃത്വത്തിൽ പരിശോധന ആരംഭിക്കും. ഇതുവരെ പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നായിരുന്നു പരിശോധന നടത്തിയിരുന്നത്. ഇത് ആലപ്പുഴയിലേക്ക് മാറ്റുന്നതോടെ റിസൾട്ട് ലഭിക്കുന്നതിൽ കാലതാമസം ഒഴിവാക്കാൻ പറ്റും. ആലപ്പുഴ കലക്ടറേറ്റിൽ അവലോകനയോഗം നടത്തി. മന്ത്രിമാരായ ജി സുധാകരൻ, പി തിലോത്തമൻ എന്നിവരും പങ്കെടുത്തു. സ്വകാര്യആശുപത്രിയിൽ ഐസൊലേഷൻ വാർഡുകൾ ക്രമീകരിക്കാൻ നിർദ്ദേശം നൽകി. ജില്ലയിൽ മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലുമാണ് ഇപ്പോൾ ഐസൊലേഷൻ വാർഡുകൾ സജ്ജീകരിച്ചിരിക്കുന്നത്. ആവശ്യമെങ്കിൽ താലൂക്ക് ഹോസ്പിറ്റലുകളിൽ ഐസൊലേഷൻ ബെഡ് ക്രമീകരിക്കും. മെഡിക്കൽ കോളേജിലെ മറ്റൊരു ഭാഗത്ത് കൂടി സജ്ജീകരണങ്ങൾ ഒരുക്കി കൂടുതൽ ഐസൊലേഷൻ വാർഡുകൾ ഒരുക്കാനും നിർദേശം കൊടുത്തിട്ടുണ്ട്.