മത്സ്യ കൃഷി നല്ലൊരു വരുമാന മാർ​ഗം

0
771

നല്ലയിനം മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെ തിരഞ്ഞെടുത്ത് അവയെ ഉചിതമായ ജലാശയങ്ങളില്‍ വേണ്ടത്ര സംരക്ഷണം നല്‍കി വളര്‍ത്തി ആവശ്യാനുസരണം പിടിച്ചെടുക്കുന്നതിനെയാണ് മത്സ്യക്കൃഷി എന്നു പറയുന്നത്. ഉപ്പു കലരാത്ത ജലാശയങ്ങളില്‍ ചെയ്യുന്ന മത്സ്യക്കൃഷിയെ ശുദ്ധജലമത്സ്യക്കൃഷിയെന്നു പറയുന്നു. ആഗോള മത്സ്യക്കൃഷി മേഖലയില്‍ ഏറ്റവും അധികം പ്രചാരത്തിലുള്ള കട്ല, രോഹു, മൃഗാള്‍, സില്‍വര്‍ കാര്‍പ്പ്, കോമണ്‍ കാര്‍പ്പ്, ഗ്രാസ് കാര്‍പ്പ് എന്നിവയും, ചെമ്മീന്‍/കൊഞ്ച് ഇനങ്ങളില്‍ കാരച്ചെമ്മീനും ആറ്റുകൊഞ്ചും കേരളത്തില്‍ പ്രചാരമുള്ളവയാണ്. സാധാരണ കൃഷിയെ അപേക്ഷിച്ചും, കാലി വളര്‍ത്തല്‍, കോഴി വളര്‍ത്തല്‍ എന്നിവയെ അപേക്ഷിച്ചും മത്സ്യക്കൃഷി വളരെ ആദായകരമാണ്കൃഷിക്ക് തിരഞ്ഞെടുക്കുന്ന മല്‍സ്യങ്ങള്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ വളര്‍ന്നു വലുതാകാനും കഴിയുന്നത്രയധികം മാംസം ഉല്‍പ്പാദിപ്പിക്കാനും കഴിവുണ്ടായിരിക്കണം. ഇവ സസ്യഭുക്കുകളോ, പ്ലവകാഹാരികളോ, ചീത്ത ജൈവ വസ്തുക്കള്‍ ഭക്ഷിക്കുന്നവയോ ആയിരിക്കുന്നതാണ് അഭികാമ്യം. കുഞ്ഞുങ്ങളെ ആവശ്യാനുസരണം ലഭ്യമാക്കേണ്ടതുണ്ട്. കുളത്തില്‍ തന്നെയുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മാംസമാക്കി മാറ്റാന്‍ കഴിവുള്ളവയായിരിക്കുന്നവയും, പൂരകാഹാരം സ്വീകരിക്കുന്നവയും, കൂടിയ ആഹാരപരിവര്‍ത്തനശേഷി കാണിയ്ക്കുന്നവയുമായിരിക്കണം. രോഗങ്ങള്‍ക്കെതിരെ പ്രതിരോധശക്തിയുള്ളതും, മുള്ളു കുറവായതും സര്‍വ്വോപരിപോഷക ഗുണമേറിയതുമായ മത്സ്യങ്ങളെയാണ് മത്സ്യക്കൃഷിക്കായി തിരഞ്ഞെടുക്കേണ്ടത്.

ഇന്‍ഡ്യന്‍ മേജര്‍ കാര്‍പ്പുകള്‍ (കട്ല, രോഹു, മൃഗാള്‍) കോമണ്‍ കാര്‍പ്പ്

എന്നറിയപ്പെടുന്ന സൈപ്രിനസ്, ചൈനീസ് കാര്‍പ്പുകള്‍ (സില്‍വര്‍ കാര്‍പ്പ്, ഗ്രാസ് കാര്‍പ്പ്) എന്നീ മത്സ്യങ്ങളെയാണ് ശുദ്ധജലമത്സയക്കൃഷിയില്‍ സാധാരണ ഉള്‍പ്പെടുത്തുന്നത്.

കട്ല

ജന്തു പ്ലവകങ്ങളാണ് മുഖ്യമായ ആഹാരം. ഒരു വര്‍ഷം കൊണ്ട് 5 കിലോഗ്രാം വരെ വളരാനുള്ള കഴിവുണ്ട്.

രോഹു (ലേബിയോ രോഹിത)

ശൈശവദശയില്‍ ജന്തു പ്ലവകങ്ങള്‍ ഭക്ഷിക്കുമെങ്കിലും വലുതായ സൂക്ഷ്മ ജലസസ്യങ്ങളും ചീഞ്ഞ ജൈവപദാര്‍ത്ഥങ്ങളുമാണ് പഥ്യാഹാരം. പ്രധാനമായും ഇടത്തട്ടില്‍നിന്നും ആഹാരം തേടുന്നു. ഇവയ്ക്ക് ഒരു വര്‍ഷം കൊണ്ട് 3.50 കി.ഗ്രാം വരെ വളരാനുള്ള ശേഷിയുണ്ട്.

മൃഗാള്‍ (സിറൈനസ് മൃഗല)

മൃഗാള്‍ കുഞ്ഞുങ്ങള്‍ ക്രസ്റ്റ്യേ, റോട്ടിഫെറ തുടങ്ങിയ ജന്തു പ്ളവകങ്ങളെയാണ് ഭക്ഷിക്കുന്നത്. പക്ഷെ വളര്‍ച്ചയെത്തിയാല്‍ പ്രധാനമായും ചീഞ്ഞ സസ്യപദാര്‍ത്ഥങ്ങള്‍ ആസ് മുഖ്യാഹാരം. ആല്‍ഗകളേയും വലിയ ജലസസ്യങ്ങളെയും ഇവ തിന്നുന്നു. സാധാരണ ജലാശയത്തിന്‍റെ അടിത്തട്ടില്‍ നിന്നാണ് ഇവ ഇര തേടുന്നത്. 600 ഗ്രാം മുതല്‍ 3000 ഗ്രാം വരെ ഒരു വര്‍ഷം കൊണ്ട് വളരുന്നു.

ഗ്രാസ് കാര്‍പ്പ് (പുല്‍ മത്സ്യം) (ക്ടിനോഫാരിംഗോഡോണ്‍ ഇടെല്ല)

ഗ്രാസ് കാര്‍പ്പിന്‍റെ കുഞ്ഞുങ്ങള്‍ ജന്തു പ്ളവകങ്ങളെയാണ് ഭക്ഷിക്കുന്നതെങ്കിലും 17-18 മി.മീറ്റര്‍ വരെ നീളമെത്തിയാല്‍ വലിയ ജലസസ്യങ്ങളെ തിന്നു തുടങ്ങും. കുളത്തില്‍ കാണുന്ന ഹൈഡ്രില്ല, നാജാസ്, വാലിസ്നേറിയ, വുള്‍ഫിയ, ലെമ്ന, സ്പൈറോഡില തുടങ്ങിയ ജലസസ്യങ്ങളെ ആര്‍ത്തിയോടെ ഇവ തിന്നു തീര്‍ക്കുന്നു. അതുകൊണ്ട് മത്സ്യകുളത്തിലേയും മറ്റു ജലാശയങ്ങളിലേയും ജല സസ്യ നിവാരണത്തിന് ഏറ്റവും ഉത്തമമായ ജൈവമാര്‍ഗ്ഗമായി ഇതിനെ ഉപയോഗിച്ചുവരുന്നു. ഒരു വര്‍ഷം കൊണ്ട് 8 കി.ഗ്രാം വരെ തൂക്കം വെക്കാറുണ്ട്.

സില്‍വര്‍ കാര്‍പ്പ് (ഹൈപോഫ്താല്‍മിക്ത്തിസ് മോളിട്രിക്സ്)

സില്‍വര്‍ കാര്‍പ്പ് കുഞ്ഞുങ്ങള്‍ക്ക് ജന്തുപ്ലവകങ്ങളാണ് ആഹാരം. എന്നാല്‍ ശൈശവദശയിലുള്ളതും വളര്‍ച്ചയെത്തിയതുമായ മത്സ്യങ്ങള്‍, പ്രധാനമായും സൂക്ഷ്മസസ്യങ്ങളേയും റോട്ടിഫെറ, പ്രോട്ടോസോവ എന്നീ ജന്തുപ്ലവകങ്ങളെയും ഭക്ഷിക്കുന്നു. സമ്മിശ്ര മത്സ്യക്കൃഷിയില്‍ വര്‍ഷത്തില്‍ 1 മുതല്‍ 2.5 കി.ഗ്രാം വരെ വളരുന്ന ഇവയ്ക്ക് ഒരു വര്‍ഷം കൊണ്ട് 5.50 കി.ഗ്രാം ഭാരം വെക്കാനുള്ള ശേഷിയുണ്ട്.

സാധാരണ കാര്‍പ്പ് (കോമണ്‍ കാര്‍പ്പ്) (സൈപ്രിനസ് കാര്‍പിയോ)

ശൈശവദശയില്‍ ജന്തുപ്ലവകങ്ങളാണ് പഥ്യാഹാരം. ക്രസ്റ്റ്യേ, റോട്ടിഫെറ എന്നീ വര്‍ഗ്ഗത്തിലുള്ള പ്ലവകങ്ങളാണ് ഇഷ്ടാഹാരമാണ്. എന്നാല്‍ വളര്‍ച്ചയെത്തിയാല്‍ സര്‍വാഹാരിയാണ്.കാര്‍പ്പ് ജലാശയത്തിന്‍റെ അടിത്തട്ടില്‍ നിന്നുള്ള വിവിധയിനം ജലജന്തുക്കളെയും ചീയുന്ന സസ്യങ്ങളെയും ആഹാരമാക്കുന്നു. കുളത്തിന്‍റെ അടിത്തട്ടില്‍ വളരുന്ന ജലസസ്യങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിലും നിയന്ത്രിക്കുന്നതിലും കോമണ്‍ കാര്‍പ്പ് ഒരു വലിയ പങ്കാണ് വഹിക്കുന്നത്. സര്‍വാഹാരിയായതുകൊണ്ട് സമ്മിശ്ര മത്സ്യക്കൃഷിയില്‍ വളര്‍ത്താന്‍ ഏറ്റവും യോജിച്ച മത്സ്യമാണ് സാധാരണ കാര്‍പ്പ്. കുറഞ്ഞ സാന്ദ്രതയില്‍ 3 മുതല്‍ 4 കി.ഗ്രാം വരെ വളരുമെങ്കിലും ഉയര്‍ന്ന നിക്ഷേപതോതുകളില്‍ 600 ഗ്രാം മുതല്‍ 1000 ഗ്രാം വരെയാണ് സാധാരണഗതിയില്‍ വളരാറുള്ളത്.

കൃഷിരീതികള്‍

വളര്‍ത്തുന്ന രീതിയുടെ അടിസ്ഥാനത്തില്‍ ഏകയിന മത്സ്യക്കൃഷി, സംയോജിത മത്സ്യക്കൃഷി, ഒഴുകുന്ന വെള്ളത്തിലെ മത്സ്യക്കൃഷി എന്നിങ്ങനെയും തരംതിരിക്കാവുന്നതാണ്.

ഏകയിന മത്സ്യക്കൃഷി

ഏതെങ്കിലും ഒരു പ്രത്യേക ഇനം മത്സ്യത്തെ തിരഞ്ഞെടുത്ത് നിശ്ചിത തോതില്‍ വളര്‍ത്തുന്നതിനാണ് ഏകയിന മത്സ്യക്കൃഷിയെന്നു പറയുന്നത്. കോമണ്‍ കാര്‍പ്പ്, വരാല്‍, മുഷി, കാരി, ചാനല്‍ക്യാറ്റ് ഫിഷ്, പംഗാസിയസ്, തിലാപ്പിയ, ചെമ്മീന്‍ ഇനങ്ങള്‍ ഇവയാണ് സാധാരണയായി ഇങ്ങനെ വളര്‍ത്താറുള്ളത്.

സമ്മിശ്രമത്സ്യക്കൃഷി (പലയിനം മത്സ്യക്കൃഷി)

അനുയോജ്യമായ കൂടുതല്‍ ഇനങ്ങളെ ഒന്നിച്ചു വളര്‍ത്തിയാല്‍ ജലാശയത്തിലുള്ള ആഹാരപദാര്‍ത്ഥങ്ങളെ കൂടുതലായി ഉപയോഗപ്പെടുത്തി മത്സ്യോല്‍പ്പാദനം വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുന്നു. ഇങ്ങനെ പലയിനങ്ങളെ ഒന്നിച്ചു വളര്‍ത്തുന്നതിനെ സമ്മിശ്ര മത്സ്യക്കൃഷി എന്നു പറയുന്നു. തിരഞ്ഞെടുക്കുന്ന മത്സ്യങ്ങള്‍ തമ്മില്‍ തമ്മില്‍ പൊരുത്തപ്പെടുന്നവയും വിവിധ ആഹാരരീതികളുള്ളതും ആയിരിക്കണം. ഇങ്ങനെ മത്സ്യങ്ങളെ തിരഞ്ഞെടുക്കുന്നത് പ്രധാനമായും ജലാശയത്തിന്‍റെ മത്സ്യാഹാര വിഭവശേഷിയെ ആശ്രയിച്ചാണ്. ഇന്ന് മത്സ്യക്കൃഷിയില്‍ പ്രമുഖ സ്ഥാനം സമ്മിശ്രമത്സ്യക്കൃഷിക്കാണ്. പ്രധാനമായും കാര്‍പ്പ് മത്സ്യങ്ങളെയാണ് ഇതിനുപയോഗിക്കുന്നത്. കൂടാതെ മുഷി, കാരി, കറുപ്പ് എന്നിങ്ങനെ അന്തരീക്ഷവായു ശ്വസിക്കുന്ന മത്സ്യങ്ങളെയും പ്രത്യേക സാഹചര്യങ്ങളില്‍ ഇതിനുപയോഗിക്കുന്നുണ്ട്.