പ്രിയപ്പെട്ട ലാലേട്ടാ…. വല്ലപ്പോഴുമെങ്കിലും നിര്‍മ്മാതാവിനും, സംവിധായകനും മറ്റു സഹപ്രവര്‍ത്തകര്‍ക്കുമൊക്കെ ഒരു ബുദ്ധിമുട്ടാവണം !

0
455

 

ന്യൂസിലന്‍ഡിലെ അവധിയാഘോഷത്തിനിടെ കയ്യില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് മോഹന്‍ലാലിന്‌ കൈക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. ദുബായിലെ ബുര്‍ജീല്‍ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്ക് ശേഷം സര്‍ജനായ ഡോ. ഭുവനേശ്വര്‍ മചാനിയുമൊത്തുള്ള ചിത്രം മോഹൻലാൽ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.

ഡോ.ഭുവനേശ്വര്‍ മചാനിയ്ക്ക് നന്ദിപറഞ്ഞു കൊണ്ടാണ് ചിത്രം മോഹന്‍ലാല്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
വലതു കൈപ്പത്തിയില്‍ കറുത്ത ബാന്‍ഡേജ് ചുറ്റിയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ അദ്ദേഹം എത്തിയിരുന്നത്. ബിഗ് ബ്രദര്‍ സിനിമയുടെ ഷൂട്ടിങ്ങിനിടെ സംഭവിച്ചതാകും പരിക്കെന്നായിരുന്നു ആരാധകര്‍ക്കിടയില്‍ പരന്ന വാര്‍ത്ത.
എന്നാൽ എന്തായിരുന്നു മോഹൻലാലിന് സംഭവിച്ചത് എന്ന് വ്യക്തമാക്കിയിരുന്നില്ല. ഇപ്പോഴിതാ സംഭവം എന്താണെന്നും മോഹൻലാലിന്റെ സഹന മനോഭാവത്തെക്കുറിച്ചും തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ തുറന്നു പറഞ്ഞിരിക്കുകയാണ് ബിഗ് ബ്രദറില്‍ മോഹൻലാലിൻറെ സഹനടൻ കൂടിയായ അനൂപ് മേനോൻ.

കയ്യിലെ പരിക്ക് വച്ച് കഠിനമായ ഫൈറ്റ് സീനുകൾ ചിത്രീകരിച്ചിട്ട് ഇരിക്കുകയാണ് മോഹൻലാൽ . ഇതു വെച്ചിട്ടാണോ ഈ നാലു ദിവസവും ഫൈറ്റ് ചെയ്തത് എന്നു ചോദിച്ചപ്പോൾ കിട്ടിയ മറുപടിയാണ് അനൂപ് മേനോൻ പോസ്റ്റ് ഇടാൻ കാരണമായത്.
‘എന്നെ ഈ സിനിമയുടെ സംവിധായകനോ നിർമ്മാതാവോ അല്ലല്ലോ അവിടെ വന്ന് വീഴ്ത്തിയത്…ഞാൻ തന്നെ പോയി വീണതല്ലേ? ഞാൻ ഇപ്പൊ ഈ വേദന പറഞ്ഞാൽ, ഞാനായതു കൊണ്ട് ഒരു നാലഞ്ചു ദിവസം ചിലപ്പോ ഷൂട്ടിംഗ് മാറ്റി വെച്ചേക്കാം…നിർമാതാവിന് എത്ര കാശായിരിക്കും പോവുന്നത്.. അതുപോലെ നീ ഉൾപ്പടെ എത്ര പേർ വെറുതെ ഇരിക്കണം…നിങ്ങളെയും ബുദ്ധിമുട്ടിക്കുകയല്ലേ അത് .. അപ്പൊ ഷൂട്ടിംഗ് നടക്കട്ടെ…കഴിഞ്ഞിട്ട് എന്തെങ്കിലും ചെയ്യാം..’.ഇതായിരുന്നു മോഹന്‍ലാലിന്റെ മറുപടിയെന്നാണു അനൂപ് മേനോൻ കുറിച്ചത്.
നിർമ്മാതാവിനും, സംവിധായകനും മറ്റു സഹപ്രവർത്തകർക്കുമൊക്കെ, വല്ലപ്പോഴുമെങ്കിലും ഒരു ബുദ്ധിമുട്ടാവണം…ഇല്ലെങ്കിൽ, ഞങ്ങളുടെ തലമുറയ്ക്ക് ഈ പറയുന്നതിന്റെയൊക്കെ ഭാരം താങ്ങൽ ഒരു വലിയ ബാധ്യതയായിരിക്കും എന്ന് പറഞ്ഞാണ് അനൂപ് മേനോൻ തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്.
അനൂപ് മേനോന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

സംവിധായകൻ സിദ്ധിഖിന്റെ ‘ബിഗ് ബ്രദർ’ എന്ന സിനിമയുടെ അവസാന ദിവസത്തെ ഷൂട്ടിംഗ് നടക്കുന്നു … എനിക്ക് വൈകുന്നേരമേ ഷൂട്ട്‌ ഉള്ളൂ…ഞാൻ സെറ്റിൽ എത്തിയപ്പോൾ അവിടെ ലാലേട്ടൻ ഉണ്ട്… കഴിഞ്ഞ നാലു ദിവസമായി ഫൈറ്റ് സീൻ ഷൂട്ട്‌ ചെയ്തിട്ട് ഇരിക്ക്യാണ് അദ്ദേഹം….. ഞാൻ കൈ കൊടുത്തപ്പോൾ നല്ലോണം വേദനിച്ച പോലെ അദ്ദേഹം കൈ പിൻവലിച്ചു…’എന്തു പറ്റി’ എന്ന് ചോദിച്ചപ്പോൾ പറഞ്ഞത്, ഷൂട്ടിന്റെ ഇടവേളയിൽ കുടുംബവും ഒന്നിച്ചു Dubaiലേക്ക് ഒരു യാത്ര നടത്തിയിരുന്നു… അവിടെ വെച്ചൊന്നു വീണു…കൈക്ക് ഒരു ചെറിയ hairline fracture ഉണ്ടത്രെ.
‘ഇതു വെച്ചിട്ടാണോ ഈ നാലു ദിവസവും ഫൈറ്റ് ചെയ്തത് എന്നു ചോദിച്ചപ്പോൾ കിട്ടിയ മറുപടിയാണ് ഈ postന് കാരണം.
“എന്നെ ഈ സിനിമയുടെ സംവിധായകനോ നിർമ്മാതാവോ അല്ലല്ലോ അവിടെ വന്ന് വീഴ്ത്തിയത്…ഞാൻ തന്നെ പോയി വീണതല്ലേ? ഞാൻ ഇപ്പൊ ഈ വേദന പറഞ്ഞാൽ, ഞാനായതു കൊണ്ട് ഒരു നാലഞ്ചു ദിവസം ചിലപ്പോ ഷൂട്ടിംഗ് മാറ്റി വെച്ചേക്കാം…നിർമാതാവിന് എത്ര കാശായിരിക്കും പോവുന്നത്.. അതുപോലെ നീ ഉൾപ്പടെ എത്ര പേർ വെറുതെ ഇരിക്കണം…നിങ്ങളേം ബുദ്ധിമുട്ടിക്ക്യല്ലേ അത് .. അപ്പൊ ഷൂട്ടിംഗ് നടക്കട്ടെ…കഴിഞ്ഞിട്ട് എന്തെങ്കിലും ചെയ്യാം…
സിനിമാട്ടോഗ്രാഫർ ജിത്തു ദാമോദറിനെ വിളിച്ചു ചോദിച്ചപ്പോൾ ‘ചേർത്തല ഗോഡൗണിൽ കഴിഞ്ഞ നാല് ദിവസമായി നല്ല ഗംഭീര ഫൈറ്റ് ആയിരുന്നു അനൂപേട്ടാ’ എന്ന് മാത്രമാണ്‌ പറഞ്ഞത്..അവരൊന്നും അറിഞ്ഞിട്ടില്ല ഈ പരിക്കിനെ പറ്റി..അറിയിച്ചിട്ടില്ല ലാലേട്ടൻ…
ഇന്നലെ അദ്ദേഹത്തിന്റെ ഡോക്ടറുമൊത്തുള്ള ഒരു ഫോട്ടോ കണ്ടപ്പോ, കയ്യിൽ bandage ഉണ്ട്. Surgery കഴിഞ്ഞു എന്നു പറഞ്ഞു…അതായത്, അന്ന് സംഭവിച്ച കൈയുടെ പ്രശ്നം ഇന്നും തുടരുന്നുണ്ട്. ആരും അറിയാതെ.
പ്രിയപ്പെട്ട ലാലേട്ടാ…ഇടയ്ക്കെങ്കിലും ഒന്ന് മൂഡ് ഔട്ട് ഒക്കെ ആവണം…നിർമ്മാതാവിനും, സംവിധായകനും മറ്റു സഹപ്രവർത്തകർക്കുമൊക്കെ, വല്ലപ്പോഴുമെങ്കിലും ഒരു ബുദ്ധിമുട്ടാവണം…ഇല്ലെങ്കിൽ, ഞങ്ങളുടെ തലമുറയ്ക്ക് ഈ പറയുന്നതിന്റെയൊക്കെ ഭാരം താങ്ങൽ ഒരു വലിയ ബാധ്യതയായിരിക്കും.


മോഹൻലാലിനെ ദി കംപ്ലീറ്റ് ആക്ടർ എന്ന് വിളിക്കാൻ കാരണം സ്വന്തം തൊഴിനോടുള്ള ഈ അർപ്പണബോധം ആണെന്നും മറ്റു പല നടന്മാർക്കും ഇല്ലാത്തതു ഈ ആത്മാർത്ഥയാണെന്നും മറ്റും ആരാധകർ പ്രതികരിക്കുകയുണ്ടായി.