പാലാരിവട്ടത്ത് റോഡിലെ കുഴിയില്‍ വീണ് മരിച്ച യുവാവിന്റെ കുടുംബത്തോട് മാപ്പുചോദിച്ച് ഹൈക്കോടതി

0
435

കൊച്ചി പാലാരിവട്ടത്ത് റോഡിലെ കുഴിയില്‍ വീണ് മരിച്ച യുവാവിന്റെ കുടുംബത്തോട് മാപ്പുചോദിച്ച് ഹൈക്കോടതി. ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് അപകടത്തിന് കാരണമെന്നും റോഡുകള്‍ നന്നാക്കാന്‍ ഇനിയും എത്രയാളുകള്‍ മരിക്കേണ്ടിവരുമെന്നും കോടതി സർക്കാരിനോട് ചോദിച്ചു.

കുഴിയില്‍ വീണ് ഇനിയും മരണങ്ങൾ പാടില്ല. ഇങ്ങനെയാണെങ്കില്‍ കോടതി ഉത്തരവുകള്‍ എന്തിനെന്നും കോടതി ചോദിച്ചു. കൊച്ചിയിലെ റോഡുകളുടെ അവസ്ഥ വിലയിരുത്താന്‍ മൂന്ന് അഭിഭാഷകരെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു. ഈമാസം ഇരുപതിനകം റിപ്പോര്‍ട്ട് നല്‍കണം.

പാലാരിവട്ടത്തു കുഴിയിൽ വീണു മരിച്ച യദുലാലിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം നൽകും. എന്നാൽ എത്രപേര്‍ക്ക് പത്തുലക്ഷം രൂപ വീതം നല്‍കുമെന്ന് ഹൈക്കോടതി ചോദിച്ചു.
അതേസമയം എറണാകുളം പാലാരിവട്ടത്ത് റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് 4 എന്‍ജിനീയര്‍മാരെ സസ്പെന്‍ഡ് ചെയ്തു. അസി.എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സൂസന്‍ തോമസ്, എറണാകുളം സെക്ഷന്‍ അസി.എന്‍ജിനീയര്‍ കെ.എന്‍ സുര്‍ജിത്, അസി.എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഇ.പി സൈനബ, അസി.എന്‍ജിനീയര്‍ പി.കെ ദീപ എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍.