പാനിപൂരിയും റൊട്ടിയും വിറ്റു കിട്ടിയിരുന്ന പത്തു രൂപ നോട്ടുകള്‍ മാത്രമേ യശ്വസി ജയ്‌സ്വാള്‍ എന്ന ക്രിക്കറ്റ് താരത്തിന് കണ്ടുപരിചയമുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഐ.പി.എല്‍ പുതിയ സീസണിലേക്കുള്ള താരലേലം കൊല്‍ക്കത്തയില്‍ പൂര്‍ത്തിയായപ്പോള്‍ കോടിക്കണക്കിന് രൂപയാണ് യശ്വസിയുടെ അക്കൗണ്ടിലെത്തിയത് . ജീവിതത്തില്‍ അനുഭവിച്ച ദുരനുഭവങ്ങളുടെ എല്ലാം ഫലമാണ് യശ്വസിക്ക് ഈ രണ്ടര കോടി രൂപ. 20 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന യശ്വസിയെ കോടികളെറിഞ്ഞ് രാജസ്ഥാന്‍ തട്ടകത്തിലെത്തിക്കുകയായിരുന്നു.
ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളിലൂടെ നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ച താരമാണ് യശ്വസി ജെയ്‌സ്വാള്‍. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇരട്ടസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം. പക്ഷേ ഈ നേട്ടങ്ങളിലെത്തും മുമ്പ് യശ്വസി കടന്നുപോയ വഴികൾ കേട്ടാല്‍ ആരുടേയും കണ്ണുനിറഞ്ഞുപോകും.
ഉത്തര്‍ പ്രദേശിലെ ബദോഹിയില്‍ ഒരു ചെറിയ കട നടത്തുന്ന ജെയ്‌സ്വാളിന്റെ മകനായ യശ്വസി 11-ാം വയസ്സില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ കളിത്തൊട്ടിലായ മുംബൈയിലെത്തുകയായിരുന്നു. ഇന്ത്യന്‍ ജഴ്‌സിയില്‍ കളിക്കുക എന്ന ഒരൊറ്റ സ്വപ്‌നത്തില്‍ തൂങ്ങിപ്പിടിച്ചായിരുന്നു യാത്ര. മുംബൈയില്‍ അമ്മാവന്റെ വീട്ടിലായിരുന്നു പിന്നീട് താമസം. എന്നാല്‍ വീട്ടില്‍ നിന്ന് ഗ്രൗണ്ടിലേക്കുള്ള ദൂരം പ്രശ്‌നമായി. പിന്നീട് ക്ഷീരോല്‍പാദന സാധനങ്ങളുടെ കടയിലേക്ക് താമസം മാറ്റി. അവിടെ ചെറിയ ജോലികള്‍ ചെയ്യാന്‍ തുടങ്ങി. എന്നാല്‍ ക്രിക്കറ്റ് പരിശീലനവും ജോലിയും ഒരുമിച്ചുകൊണ്ടു പോകാന്‍ കഴിഞ്ഞില്ല. ഒരു ദിവസം ഗ്രൗണ്ടില്‍ നിന്ന് വന്നപ്പോള്‍ തന്റെ പെട്ടിയും കിടക്കയും പുറത്തുവെച്ചിരിക്കുന്നതാണ് യശ്വസി കണ്ടത്. ഇതോടെ അവിടുത്തെ താമസവും അവസാനിച്ചു.
പിന്നീട് ആസാദ് മൈതാനിയിലെ മുസ്‌ലിം യുണൈറ്റഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിലായിരുന്നു യശ്വസിയുടെ മൂന്നു വര്‍ഷത്തെ ജീവിതം. അവിടെ ഒരു ടെന്റില്‍ താമസിച്ചു. ഇതിനിടയില്‍ ആസാദ് മൈതാനിയില്‍ പാനിപൂരി കച്ചവടം നടത്തി. പഴങ്ങള്‍ വിറ്റു. പണം തികയാതെ വന്നപ്പോള്‍ ഹോട്ടലില്‍ റൊട്ടിയുണ്ടാക്കുന്ന പണിയെടുത്തു. ക്ലീനിങ് ജോലി ചെയ്തു. ഭക്ഷണവും അവിടെ നിന്ന് തന്നെയായിരുന്നു.
പരിശീലകന്‍ ജ്വാലാ സിങ്ങിനെ കണ്ടുമുട്ടിയതാണ് യശ്വസിയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. അവന്റെ പ്രകടനത്തില്‍ ഏറെ സന്തുഷ്ടനായിരുന്നു ജ്വാല. ഒന്നാം ഡിവിഷന്‍ ബൗളര്‍മാര്‍ക്കെതിരേ പോലും യശ്വസി മനോഹരമായി ബാറ്റുചെയ്തു. ഇതോടെ അവന് ഭാവിയുണ്ടെന്ന് ജ്വാല തിരിച്ചറിയുകയായിരുന്നു.
പിന്നീട് 2015-ല്‍ മുംബൈയില്‍ നടന്ന ഗില്‍സ് ഷീല്‍ഡ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പുറത്താകാതെ 319 റണ്‍സ് നേടി. 99 റണ്‍സ് വഴങ്ങി 13 വിക്കറ്റുമെടുത്തു. സ്‌കൂള്‍ തലത്തില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സും വിക്കറ്റും നേടുന്ന താരമായി യശ്വസി.
സെപ്റ്റംബര്‍-ഒക്ടോബറില്‍ നടന്ന വിജയ് ഹസാരെ ട്രോഫിയിലും മുംബൈയ്ക്കായി മികച്ച പ്രകടനമാണ് പതിനേഴുകാരന്‍ പുറത്തെടുത്തത്. മുംബൈയില്‍ നടന്ന മത്സരത്തില്‍ 17 ഫോറിന്റേയും 12 സിക്‌സിന്റേയും അകമ്പടിയോടെ 154 പന്തില്‍ 203 റണ്‍സ് അടിച്ചെടുത്തു. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും സ്വന്തം പേരില്‍ കുറിച്ചു. ടൂര്‍ണമെന്റില്‍ ആകെ 112.80 ബാറ്റിങ് ശരാശരിയില്‍ 564 റണ്‍സാണ് നേടിയത്. ഇതില്‍ മൂന്നു സെഞ്ചുറിയും ഒരു അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടുന്നു.

You must be logged in to post a comment Login