ന്യൂഡല്‍ഹി: നിര്‍ഭയക്കേസിലെ വധശിക്ഷ നാളെ നടപ്പാക്കാനിരിക്കേ വിചാരണ അസാധുവാക്കണമെന്ന പ്രതി മുകേഷ് സിങ്ങിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. സംഭവം നടന്ന ദിവസം ഡല്‍ഹിയില്‍ ഇല്ലായിരുന്നു എന്നാണ് മുകേഷ് സിങ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. ഇനി പാട്യാലാ ഹൗസ് കോടതിയില്‍ ഒരു ഹര്‍ജി കൂടി പരിഗണനയിലുണ്ട്. പുതിയ റിട്ട് ഹര്‍ജി നിലനില്‍ക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പുനഃപരിശോധനാ ഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും താനല്ല നല്‍കിയതെന്ന വാദവും കോടതി തള്ളി. നേരത്തെ, അക്ഷയ് സിങ്ങിന്റെയും പവന്‍ ഗുപ്തയുടെയും രണ്ടാം ദയാഹര്‍ജിയും രാഷ്ട്രപതി തള്ളിയതിനാല്‍ പ്രതികള്‍ക്ക് നിയമപരമായ അവകാശങ്ങള്‍ ഒന്നും ബാക്കിയില്ലെന്നും വധശിക്ഷ വെള്ളിയാഴ്ച തന്നെ നടപ്പാക്കാമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു. ഇതിനു മുന്‍പ് ജനുവരി 22, ഫെബ്രുവരി 1, മാര്‍ച്ച് 3 എന്നീ തീയതികളില്‍ വധശിക്ഷ നടപ്പാക്കാന്‍ മരണവാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രതികളുടെ ഹര്‍ജികള്‍ നിലനിന്ന സാഹചര്യത്തില്‍ ഇതെല്ലാം റദ്ദാക്കുകയായിരുന്നു. തുടര്‍ന്നാണ് മുകേഷ് കുമാര്‍ സിങ് (32), പവന്‍ ഗുപ്ത (25), വിനയ് ശര്‍മ (26), അക്ഷയ് കുമാര്‍ സിങ് (31) എന്നിവരെ 20 നു (വെള്ളിയാഴ്ച) രാവിലെ 5.30നു തൂക്കിലേറ്റാന്‍ പട്യാല ഹൗസ് കോടതി മരണ വാറന്റ് പുറപ്പെടുവിച്ചത്. രാജ്യ തലസ്ഥാനത്ത് 23 കാരിയായ പെണ്‍കുട്ടിയെ നിഷ്ഠൂരമായി ബലാത്സംഗം ചെയ്ത് മൃതപ്രായയാക്കിയ കേസിലാണ് ഈ നാലുപേര്‍ക്കെതിരെയും കോടതി ശിക്ഷ വിധിച്ചത്.

You must be logged in to post a comment Login