ന്യൂഡല്‍ഹി: ഡല്‍ഹി നിര്‍ഭയക്കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങള്‍ തിഹാര്‍ ജയില്‍ അധികൃതര്‍ നടത്തി. ഒരുക്കങ്ങളുടെ ഭാഗമായി പ്രതികളുടെ ഡമ്മി പരീക്ഷിച്ചു. മീററ്റ് സ്വദേശിയായ ആരാച്ചാര്‍ പവന്‍ ജല്ലാദാണ് ഡമ്മി പരീക്ഷിച്ചത്. മുന്‍പ് ഒരേസമയം ഒരാളെ തൂക്കിലേറ്റാനുള്ള കഴുമരം മാത്രമാണ് തിഹാര്‍ ജയിലില്‍ ഉണ്ടായിരുന്നത് എന്നാല്‍ നാലു പേരെ ഒരുമിച്ചു തൂക്കിലേറ്റുന്നതിന് ആവശ്യമായ കഴുമരവും കഴിഞ്ഞദിവസം ഒരുക്കി.
പ്രതികളുടെ തൂക്കത്തിന്റെ ഇരട്ടി ഭാരമുള്ള മണല്‍ചാക്കുകള്‍ ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്. കയറിന്റെയും കഴുമരത്തിന്റെയും ബലം പരിശോധിക്കുന്നതിനാണ് പരീക്ഷണം നടത്തിയത്. പൊതുമരാമത്ത് വിഭാഗം എന്‍ജിനീയര്‍മാരുടെ സാന്നിധ്യത്തിലായിരുന്നു ഡമ്മി പരീക്ഷണം നടന്നത്. കഴുമരവും സംവിധാനങ്ങളും ഇവര്‍ പരിശോധിച്ചു. ഇതോടെ വധശിക്ഷയുമായി ബന്ധപ്പെട്ട അവസാന വട്ട തയാറെടുപ്പുകളും പൂര്‍ത്തിയായിക്കഴിഞ്ഞു.
പ്രതികളായ മുകേഷ്, പവന്‍, വിനയ് എന്നിവര്‍ ബന്ധുക്കളുമായി അവസാന കൂടിക്കാഴ്ച നടത്തി. അക്ഷയ്കുമാറിന്റെ ബന്ധുക്കള്‍ ഇന്നെത്തുമെന്നാണു സൂചന. 4 പ്രതികളുടെയും ബ്രയിന്‍ മാപ്പിങ് ഉള്‍പ്പെടെയുള്ള വൈദ്യ പരിശോധനയും ഏതാനും ദിവസങ്ങളായി നടക്കുന്നുണ്ട്. പ്രതികളുടെ ആശങ്കയും മാനസിക സംഘര്‍ഷവും മറ്റും പരിശോധിക്കുന്നുണ്ട്.

You must be logged in to post a comment Login