ലോക്സഭയില്‍ പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണച്ച ശിവസേന രാജ്യസഭയില്‍ അതിനെ എതിര്‍ത്തേക്കുമെന്ന് സൂചന. സഖ്യകക്ഷിയായ കോണ്‍ഗ്രസിന്‍റെ സമ്മര്‍ദ്ദമാണ് ശിവസേനയുടെ പെട്ടന്നുള്ള നിലപാട് മാറ്റത്തിന് കാരണമെന്നാണ് അഭ്യൂഹം.
തിങ്കളാഴ്ച ലോക്സഭയില്‍ ശിവസേന സ്വീകരിച്ച നിലപാട് ദേശീയ താല്പര്യം പരിഗണിച്ച് ബില്ലിനെ പിന്തുണയ്ക്കുന്നു എന്നായിരുന്നു. ബില്ലിനെ എതിര്‍ത്ത് പാര്‍ട്ടി മുഖപത്രമായ സാമ്ന ലേഖനമെഴുതിയതിനു തൊട്ടുപിന്നാലെയായിരുന്നു കേന്ദ്രസര്‍ക്കാര്‍ നടപടിയെ പിന്തുണച്ചുള്ള ശിവസേനയുടെ നീക്കം. ഇതിനെത്തുടര്‍ന്ന് അതൃപ്തി പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.
പൗരത്വ ഭേദഗതി ബില്‍ ഇന്ത്യന്‍ ഭരണഘടനയോടുള്ള കടന്നാക്രമണമാണ്. അതിനെ പിന്തുണയ്ക്കുന്ന ഓരോരുത്തരും നമ്മുടെ രാജ്യത്തെ ആക്രമിക്കുകയും അടിത്തറ നശിപ്പിക്കാന്‍ ശ്രമിക്കുകയുമാണ് ചെയ്യുന്നത് എന്നായിരുന്നു രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത് . ഇതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിനെതിരെ പ്രതികരണവുമായി ശിവസേന രംഗത്തുവന്നത്.
കേന്ദ്രസര്‍ക്കാര്‍ ഹിന്ദു മുസ്ലീം വിഭജനത്തിന് ശ്രമിക്കുകയാണെന്ന് ശിവസേന കുറ്റപ്പെടുത്തി. ബില്ലിലെ സംശയങ്ങള്‍ മാറ്റേണ്ടതുണ്ട്. തൃപ്തികരമായ ഉത്തരങ്ങള്‍ ലഭിക്കാത്ത പക്ഷം ലോക്സഭയിലേതില്‍ നിന്ന് ഭിന്നമായ നിലപാടാകും രാജ്യസഭയില്‍ സ്വീകരിക്കുക. ശിവസേന നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റാവത്ത് പറഞ്ഞു.

You must be logged in to post a comment Login