കൊല്ലം: കൊല്ലത്തെ ഇളവൂരില്‍ എഴുവയസുകാരിയായ ദേവനന്ദ പുഴയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ രണ്ട് ദിവസത്തിനകം അറസ്റ്റുണ്ടാകുമെന്ന് സൂചന. ഇന്നലെ 4 പേരെ ചോദ്യം ചെയ്തിരുന്നു. സംശയിക്കുന്നവരുടെ പട്ടികയിലുള്ള മൂന്നുപേരെക്കൂടി ഇന്ന് ചോദ്യം ചെയ്യും. ദേവനന്ദയെ പുഴയില്‍ എറിഞ്ഞതാണെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. തിങ്കളാഴ്ച ഫോറന്‍സിക് വിദഗ്ധരുടെ റിപ്പോര്‍ട്ട് കൂടി ലഭിക്കുന്നതോടെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് രേഖപ്പെടുത്താമെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനമെന്നറിയുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രദേശത്ത് അന്നുണ്ടായിരുന്നവരുടെ മൊബൈല്‍ ഫോണ്‍ രേഖകളും ശേഖരിച്ചുകഴിഞ്ഞു. കേസ് നിര്‍ണായക വഴിത്തിരിവിലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. മുങ്ങി മരണമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെങ്കിലും കുട്ടി തനിയെ പുഴയിലെത്താന്‍ വഴിയില്ലെന്ന സംശയം തുടക്കം മുതലേ ഉണ്ടായിരുന്നു. എല്ലാ വശങ്ങളും വിശദമായി പൊലീസ് അന്വേഷിച്ചു. ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ കേസന്വേഷണത്തിന്റെ വിശദാംശങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ച ചെയ്തിരുന്നു. പ്രതിയിലേക്ക് എത്താനുള്ള എല്ലാ സൂചനകളും ലഭിച്ചുകഴിഞ്ഞെങ്കിലും ഫോറന്‍സിക് റിപ്പോര്‍ട്ട് ഇല്ലാതെ ഇതിന് അടിത്തറയുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. മൂന്നുപേരെക്കൂടി ഇന്ന് ചോദ്യം ചെയ്യുന്നതോടെ കേസില്‍ കുറെക്കൂടി വ്യക്തതയുണ്ടാകുമെന്നാണ് കരുതുന്നത്. സംശയിക്കുന്നയാളെ രാത്രിയും പകലും പൊലീസ് നിരീക്ഷിക്കുന്നുണ്ട്.

You must be logged in to post a comment Login