തൊഴിലില്ലായ്‌മ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി!

0
477

മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെ ആയിരുന്നു രാഹുലിന്റെ വിമർശനം. സര്‍ക്കാര്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നത് തൽക്കാലം നിർത്തിവെക്കുമെന്ന വാർത്തയെക്കുറിച്ചാണ് രാഹുലിന്‍റെ ട്വീറ്റ്.
മിനിമം ഗവൺമെന്‍റ്, മാക്സിമം സ്വകാര്യവത്ക്കരണം ഇതാണ് സർക്കാറിന്‍റെ ചിന്തയെന്നും രാഹുൽ പറഞ്ഞു. കോവിഡിന്‍റെ മറവിൽ സർക്കാർ ഓഫിസുകളിലെ സ്ഥിര നിയമനം ഒഴിവാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സർക്കാരിനു കോവിഡ് വെറുമൊരു കാരണം മാത്രമാണ്. യുവാക്കളുടെ ഭാവി കവർന്നെടുത്ത് അതു സുഹൃത്തുക്കൾക്കു പങ്കുവയ്ക്കാനാണ് അവരുടെ ശ്രമമെന്നും രാഹുൽ ആരോപിച്ചു. സര്‍ക്കാര്‍ മേഖലയില്‍ പരമാവധി സ്വകാര്യവത്ക്കരണം നടപ്പാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് രാഹുല്‍ ആരോപിച്ചു.
മോദി നിർമിത ദുരന്തങ്ങളിലൂടെ ഇന്ത്യ നിയന്ത്രണംവിട്ട് ഓടുന്നുവെന്ന് കഴിഞ്ഞ ദിവസം രാഹുൽ ട്വീറ്റ് ചെയ്തിരുന്നു.അതിന്റെ തുടർച്ച ആയിരുന്നു ഇന്നലത്തെ ട്വീറ്റും. രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദനം 23.9 ശതമാനം ആയി. തൊഴിലില്ലായ്‌മ കഴിഞ്ഞ 45 വർഷത്തിനേക്കാൾ കൂടുതലാണ്. 12 കോടിയിലേറെ ജനങ്ങൾ തൊഴിൽ രഹിതരാണ്. ഇന്ത്യൻ സമ്പദ് വ്യവസ്ഥ കനത്ത തിരിച്ചടി നേരിടുമെന്നും വരുന്ന മൂന്നു പാദത്തിൽ വലിയ താഴ്ച്ചയിലേക്ക് പോകും എന്നുള്ള എസ്ബിഐ യുടെ റിപ്പോർട്ട്‌ ചൂണ്ടികാട്ടിയാണ് രാഹുലിന്റെ വിമർശനം.

അതേസമയം ഇന്ത്യ–ചൈന അതിർത്തിയിൽ സംഘർഷ സാഹചര്യം നിലനിൽക്കെ, കേന്ദ്ര സർക്കാർ ജനങ്ങളെ വിശ്വാസത്തിലെടുക്കണമെന്നു കോൺഗ്രസ്. ഭരണാധികാരിയുടെ കർത്തവ്യമാണത്. ചൈനയുമായി നടത്തിയ ചർച്ചകളുടെ ഫലമെന്താണെന്നു പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ജനങ്ങളോടു വ്യക്തമാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.