തമിഴ്‌നാട്ടില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി, സമൂഹ വ്യാപനമെന്ന് സംശയം

0
465

ചെന്നൈ: ചെന്നൈയില്‍ കൊവിഡ്-19 സ്ഥിരീകരിച്ച യുപി സ്വദേശിയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നത് ശ്രമകരമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. ഇയാള്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടില്ല. സമ്പര്‍ക്ക പട്ടികയ്ക്കായി ദില്ലി സര്‍ക്കാരിന്റെ സഹായം തേടിയിരിക്കുകയാണ് തമിഴ്‌നാട് ആരോഗ്യവകുപ്പ്. യുപിയിലും ദില്ലിയിലും ഇയാള്‍ യാത്ര ചെയ്ത രാജധാനി എക്‌സ്പ്രസ് ട്രെയിനിലെയും പട്ടിക തയാറാക്കും.
തമിഴ്‌നാട് ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പരിശോധന തുടരുകയാണ്. അതേസമയം കേരളം ഉള്‍പ്പടെ കൊവിഡ് ബാധിത സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് തമിഴ്‌നാട്ടില്‍ നിരീക്ഷണം കര്‍ശന മാക്കിയിരിക്കുകയാണ്. പ്രത്യേക പരിശോധനയ്ക്കായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ദൗത്യസംഘത്തെ നിയമിച്ചതായി തമിഴ്‌നാട് ആരോഗ്യമന്ത്രി അറിയിച്ചു. ട്രെയിനുകളിലും ബസുകളിലുമായി എത്തുന്ന സംസ്ഥാനാന്തര യാത്രക്കാരെ തെര്‍മ്മല്‍ ടെസ്റ്റിങ്ങ് നടത്തിയ ശേഷമാണ് കടത്തിവിടുന്നത്. ചെന്നൈ സെന്‍ട്രല്‍ സ്‌റ്റേഷനില്‍ നിന്ന് പുറത്തേക്ക് പോകുന്ന മൂന്ന് ഗെയ്റ്റുകളിലും വൈദ്യസംഘത്തെ നിയോഗിച്ചു. കേരളം, കര്‍ണാടക, മഹാരാഷ്ട്ര ഉള്‍പ്പടെയുള്ള കൊവിഡ് ബാധിത സംസ്ഥാനങ്ങളിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ നിര്‍ദേശം.
കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ ചരക്ക് വാഹനങ്ങള്‍ കെഎസ്ആര്‍ടിസി ഉള്‍പ്പടെ അണുവിമുക്തമാക്കിയ ശേഷമാണ് കടത്തിവിടുന്നത്. മാളുകള്‍, തീയേറ്ററുകള്‍, ബാറുകള്‍ എന്നിവയെല്ലാം അടച്ചു. ജനങ്ങള്‍ ഏറെയെത്തുന്ന ചന്തകളും പ്രവര്‍ത്തിക്കുന്നില്ല. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.