കൊറോണ വൈറസ് ബാധയില്‍ ഇന്ത്യയില്‍ മൂന്നാമത്തെ മരണം സ്ഥിരീകരിച്ചു.

0
471

മുംബെയ്: കൊറോണ വൈറസ് ബാധയില്‍ ഇന്ത്യയില്‍ മൂന്നാമത്തെ മരണം സ്ഥിരീകരിച്ചു. മുംബയിലെ കസ്തൂര്‍ബ ആശുപത്രിയില്‍ 64 വയസുകാരനാണ് മരിച്ചത്. ദുബായില്‍ നിന്നെത്തിയതായിരുന്നു ഇയാള്‍. ഡല്‍ഹിയിലും കര്‍ണാടകയിലുമായിരുന്നു നേരത്തെ മരണം റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടകത്തിലെ കലബുര്‍ഗിയിലായിരുന്നു ആദ്യ മരണം സ്ഥിരീകരിച്ചത്. രണ്ടാമത്തെ മരണം ഡല്‍ഹിയില്‍ ജനക്പുരി സ്വദേശിനിയായ 69 കാരിയുടേതായിരുന്നു. ഇവര്‍ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതേസമയം, കൊറോണ വൈറസ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 7467 ആയി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ മരണം ചൈനയിലാണ്, 3226 പേര്‍. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയ്ക്ക് ശേഷം കൊറോണ വ്യാപകമായി പടര്‍ന്ന ഇറ്റലിയില്‍ 2158 പേരും മരണപ്പെട്ടു. 93 പേരാണ് അമേരിക്കയില്‍ മരിച്ചത്. 162 രാജ്യങ്ങളിലായി 186,665 ആളുകള്‍ക്ക് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊറോണ വൈറസിനെതിരായ വാക്‌സിന്‍ അമേരിക്ക മനുഷ്യരില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചുതുടങ്ങി. 18നും 55നും മധ്യേ പ്രായമുള്ള ആരോഗ്യവാന്മാരായ 45 പേരിലാണ് മരുന്ന് പരീക്ഷിക്കുന്നതെന്ന് യു.എസ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് (എന്‍.ഐ.എച്ച്) അറിയിച്ചു.