കാറിൽ നിന്ന് ഇറക്കിവിട്ട കുട്ടിയുടെ മരണം, ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു .

0
442

പാലക്കാട് എലപ്പുള്ളി ∙ കാറിടിപ്പിച്ച ശേഷം ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോൾ ടയർ പഞ്ചറായെന്നു പറഞ്ഞു വഴിയിൽ ഇറക്കിവിടുകയും കുട്ടി മരിക്കുകയും ചെയ്ത സംഭവത്തിൽ  മലപ്പുറം കൽപകഞ്ചേരി പുത്തനത്താണി പിലാക്കൽ അബ്ദുൽ നാസറിനെ (34) കസബ പൊലീസ് അറസ്റ്റ് ചെയ്തു.

അബ്ദുൽ നാസറിനെതിരെ മനഃപൂർവമുള്ള നരഹത്യയ്ക്കാണു പോലീസ് കേസെടുത്തിരിക്കുന്നത്. വാഹനം ഇടിച്ച ശേഷം ജീവൻ രക്ഷിക്കാൻ ശ്രമിച്ചില്ല, മരണം സംഭവിക്കുമെന്ന് അറിഞ്ഞിട്ടും ചികിത്സാ സഹായം നൽകിയില്ല, അപകടം നടന്ന വിവരം പൊലീസ് സ്റ്റേഷനിൽ അറിയിച്ചില്ല തുടങ്ങിയ കുറ്റങ്ങളാണ് ഇയാളുടെ മേൽ ചുമത്തിയിരിക്കുന്നത് . അപ്പുപിള്ളയൂർ ഗവ. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയും നല്ലേപ്പിള്ളി കുറുമന്ദാംപള്ളം സുദേവന്റെ മകനുമായ സുജിത്തിനെ വ്യാഴാഴ്ച വൈകിട്ടാണ് പാറ–പൊള്ളാച്ചി പാതയിൽ വച്ച് കാറിടിച്ചതു .

പരുക്കേറ്റ സുജിത്തിനെ സമീപവാസിയായ പരമൻ എന്നയാൾക്കൊപ്പം അതേ കാറിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വാഹനത്തിന്റെ ടയർ പഞ്ചറായെന്നു പറഞ്ഞ് ഇവരെ പുറത്തിറക്കി അബ്ദുൽ നാസർ വാഹനവുമായി കടന്നു കളയുകയായിരുന്നു . തുടർന്ന് മ റ്റൊരു വാഹനത്തിൽ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു . സമയത്ത് എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞതായി പരമൻ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. സുജിത്തിന്റെ തലയുടെ പിൻഭാഗത്തു കാറിന്റെ ഇടതുമിറർ ഇടിച്ച് ആഴത്തിൽ മുറിവേറ്റതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.