കണ്ണൂര്‍: തലശ്ശേരിയിൽ കാറിൽ ചാരിനിന്നതിന് കുഞ്ഞിനെ മർദ്ദിച്ച കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് എസിപി, എ വി ബാബു കേസ് അന്വേഷിക്കും. വ്യാഴാഴ്ച വൈകിട്ടാണ് ആറുവയസുകാരനെ യുവാവ് ക്രൂരമായി ആക്രമിച്ചത്. തന്‍റെ കാറിൽ ചവിട്ടിയെന്നാരോപിച്ച് പൊന്ന്യം സ്വദേശി മുഹമ്മദ് ഷിനാദ് രാജസ്ഥാൻ സ്വദേശികളായ നാടോടി കുടുംബത്തിലെ ഗണേഷ് എന്ന കുഞ്ഞിനെ ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു.
ക്രൂര കൃത്യത്തിന്‍റെ ദൃശ്യങ്ങളും സാക്ഷി മൊഴികളുമുണ്ടായിട്ടും തുടക്കത്തിൽ കേസെടുക്കാതെ പൊലീസ് പ്രതിയെ വിട്ടയക്കുകയായിരുന്നു. കുട്ടിക്കെതിരെ മുഹമ്മദ് ഷിഹാദ് നടത്തിയത് കുറ്റകരമായ നരഹത്യാ ശ്രമമാണെന്നാണ് പൊലീസ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. ആദ്യം കുട്ടിയുടെ തലക്ക് ഇടിച്ച പ്രതി, കുട്ടി കാറിന് സമീപത്ത് നിന്നും മാറാതായതോടെ വീണ്ടും കാലുകൊണ്ട് ചവിട്ടുകയും ചെയ്തു. കുട്ടി തിരിഞ്ഞില്ലായിരുന്നുവെങ്കിൽ ചവിട്ടേറ്റ് കുട്ടിയുടെ മരണം വരെ സംഭവിക്കാമായിരുന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
സംഭവത്തില്‍ പ്രതിയുടെ ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും. ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കാൻ മുഹമ്മദ് ഷിഹാദിന് നോട്ടീസ് നൽകിയിട്ടുണ്ട്. എൻഫോഴ്‌സ്‌മെന്റ് ആർടിഒ എ സി ഷീബയാണ് കുട്ടിക്കെതിരായ അതിക്രമ കേസിലെ പ്രതിക്കെതിരെ നടപടിക്ക് നിർദ്ദേശം നൽകിയത്.
