കളക്ടര്‍ കൂടിക്കാഴ്ചക്ക് തയ്യാറാവാത്തതിനെ തുടർന്ന് കോണ്‍ഗ്രസ് എംഎല്‍എ തലകുത്തി നിന്ന് പ്രതിഷേധിച്ചു !

0
559

എന്തിനും ഏതിനും പ്രതിഷേധം രേഖപ്പെടുത്തുക എന്നത് മനുഷ്യരുടെ ഏറ്റവും വലിയ പ്രത്യേകതയാണ്.പ്രത്യേകിച്ച് രാഷ്ട്രീയക്കാരുടെ..ഇവരുടെ ഏറ്റവും വലിയ തന്ത്രവും പ്രതിഷേധ സമരങ്ങൾ തന്നെയാണ്. പല രീതിയിലുള്ള പ്രതിഷേധങ്ങൾ നമ്മൾ കണ്ടിട്ടുണ്ട് എന്നാൽ തലകുത്തി നിന്നുള്ള പ്രതിഷേധം ഇതാദ്യമാണ്.അതെ, ഇപ്പോൾ കോണ്‍ഗ്രസ് എംഎല്‍എ തലകുത്തി നിന്ന് പ്രതിഷേധിച്ച സംഭവമാണ് വാർത്തകളിൽ നിറയുന്നത്. മധ്യപ്രദേശിലാണ് സംഭവം.എംഎല്‍എ ബാബുസിങ് ജന്‍ഡേല്‍ ആണ് വേറിട്ട പ്രതിഷേധരീതി കാഴ്ച വെച്ചത്. കളക്ടർ കൂടിക്കാഴ്ചയ്ക്ക് തയ്യാറാകാതിരുന്നതിനെ തുടർന്നായിരുന്നു കോൺഗ്രസ് എംഎൽഎയുടെ തലകുത്തി നിന്നുള്ള പ്രതിഷേധം. കർഷകരും പാർട്ടി പ്രവർത്തകരുമായി ഷിയോപുറിലുളള കളക്ടറുടെ ഓഫീസിലെത്തിയതായിരുന്നു
കോൺഗ്രസ് എംഎൽഎ ബാബുസിങ് ജൻഡേൽ. അടൽ എക്സ്പ്രസ് വേക്കായി ഭൂമി ഏറ്റെടുത്തതിന് നഷ്ടപരിഹാരം കൂട്ടി നൽകണമെന്നാവശ്യപ്പെടുന്നതിനായിരുന്നു അദ്ദേഹം അവരെക്കൂട്ടി എത്തിയത്. അപേക്ഷയുമായി ദീർഘനേരം അവർ പുറത്ത് വെയിലത്ത് കാത്തുനിന്നു. എന്നാൽ കളക്ടറെ കാണാൻ സാധിച്ചില്ല. ഏറെ നേരം കത്തിരുന്നിട്ടും കളക്ടറെ കാണാൻ കഴിയാതെ അക്ഷമനായ എംഎൽഎ പ്രവർത്തകരോട് നിലത്ത് കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കാൻ ആവശ്യപ്പെട്ടു. തുടർന്നാണ് എംഎൽഎ പിന്നീട് ഷർട്ട് ഊരിമാറ്റി തലകുത്തി നിന്നത് .അതേ സമയം ഷർട്ട് ഊരിമാറ്റിയ പ്രവർത്തകർ തലകുത്തി നിൽക്കുന്ന എംഎൽഎയ്ക്ക് ചുറ്റുമിരുന്ന് സർക്കാരിനെതിരെ ഉറക്കെ മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. വളരെ പെട്ടെന്നാണ് കോൺഗ്രസ്‌ എംഎല്‍എ ബാബുസിങ് ജന്‍ഡേലിന്റെ വേറിട്ട പ്രതിഷേധത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണമാണ് വീഡിയോക്ക് പിന്നാലെ എത്തുന്നത്. രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും കൂട്ടം കൂടുന്നത്. എംഎൽഎയ്ക്ക് ചുറ്റുമിരുന്ന് സർക്കാരിനെതിരെ ഉറക്കെ മുദ്രാവാക്യം വിളിക്കുന്ന ആരും സാമൂഹിക അകലം പാലിക്കുകയോ മാസ്ക് ധരിക്കുകയോ ചെയ്തിട്ടില്ല എന്നത് വീഡിയോയിൽ നിന്ന് വ്യക്തമാണ്.

Author – Amrutha