തിരുവനന്തപുരം ∙കേരളം കനത്ത ജാഗ്രതയിൽ തുടരുകയാണ്. ഇന്ന് 15 പേര്‍ക്ക് കൂടി കോവിഡ് -19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ഇവരില്‍ 2 പേര്‍ എറണാകുളം ജില്ലക്കാരും 2 പേര്‍ മലപ്പുറം ജില്ലക്കാരും 2 പേര്‍ കോഴിക്കോട് ജില്ലക്കാരും 4 പേര്‍ കണ്ണൂര്‍ ജില്ലക്കാരും 5 പേര്‍ കാസർകോട് ജില്ലക്കാരുമാണ്. ഇതോടെ കേരളത്തില്‍ 67 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അതില്‍ 3 പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു.
കാസർകോട്, കോഴിക്കോട് ജില്ലകളിൽ കലക്ടർമാർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിലവില്‍ 64 പേരാണ് രോഗം സ്ഥിരീകരിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 184 ലോക രാജ്യങ്ങളില്‍ കോവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 59,295 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 58,981 പേര്‍ വീടുകളിലും 314 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 9776 പേരെ ഇന്ന് നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. രോഗലക്ഷണങ്ങള്‍ ഉള്ള 4035 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 2744 പരിശോധനാ ഫലം നെഗറ്റീവ് ആണ്. ജനതാ കർഫ്യൂ നാളെ രാവിലെ വരെ നീട്ടിയിട്ടുണ്ട്.

You must be logged in to post a comment Login