തിരുവന്തപുരം മേയർ ആര്യാ രാജേന്ദ്രന്റെ കത്ത് പുറത്തുവന്നതോടെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി കൗൺസിലർമാർ ഇന്ന് ഗവർണർക്ക് പരാതി നൽകും. 35 ബിജെപി കൗൺസിലർമാരാണ് ഗവർണറെ കണ്ട് ഇടപെടൽ തേടുന്നത്. മേയർ സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നും നഗരസഭയിലെ കരാർ നിയമനങ്ങളിൽ അന്വേഷണം വേണമെന്നുമാണ് ബിജെപിയുടെ ആവശ്യം. മേയറുടെ കത്ത് തന്നെയാണ് പുറത്ത് വന്നതെന്നാണ് ബിജെപിയുടെ നിലപാട്. പന്ത്രണ്ടരയ്ക്കാണ് ബിജെപി കൗൺസിലർമാർ ഗവർണറെ കാണുന്നത്. കോർപറേഷന് കീഴിലെ അർബൻ പ്രൈമറി ഹെൽത്ത് സെൻ്ററുകളിലേക്ക് 295 ഒഴിവുണ്ടെന്നും ഉദ്യോഗാർത്ഥികളുടെ മുൻഗണന പട്ടിക നല്‍കണമെന്നും അറിയിച്ചു കൊണ്ടാണ് പാർട്ടി ജില്ലാ സെക്രട്ടറിക്ക് കത്തയച്ചത്. മേയറുടെ ഔദ്യോഗിക ലെറ്റർപാഡിൽ സഖാവേ എന്ന അഭിസംബോധന ചെയ്ത് അയച്ച കത്ത് ഒരു വാർഡിലെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നാണ് സമൂഹമാധ്യമത്തിൽ വൈറലായത്.
കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രനെതിരെ ഇന്നലെ കരിങ്കൊടി പ്രതിഷേധം ഉണ്ടായിരുന്നു. സെക്രട്ടറിയേറ്റിൽ നിന്നും മടങ്ങുമ്പോഴാണ് ബൈക്കിലെത്തിയ നാല് പേർ ആര്യാ രാജേന്ദ്രന് നേരെ കരിങ്കൊടി വീശിയത്. യൂത്ത് ലീഗ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. കരാര്‍ നിയമനത്തിന് പാര്‍ട്ടി മുൻഗണന ലിസ്റ്റ് ആവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ ആര്യാ രാജേന്ദ്രന്‍ അയച്ച കത്താണ് വിവാദത്തിലായത്. ആരോഗ്യമേഖലയിലെ ഒഴിവുള്ള തസ്തികകളുടെ എണ്ണമടക്കം മേയറുടെ ഔഗ്യോഗിക ലെറ്റര്‍ പാഡിലെഴുതിയ കത്താണ് പുറത്ത് വന്നത്.
