അഗ്നിപർവതത്തിലിടിച്ചു തകർന്ന TE 901, ന്യൂസീലൻഡിന്റെ മായാത്ത ദുഃസ്വപ്നം… !

0
570

രാജ്യത്തെ തന്നെ നടുക്കിക്കളഞ്ഞ വിമാനാപകടങ്ങളിലൊന്നാണ് 1979 നവംബര്‍ 28 ന് എയർ ന്യൂസീലൻഡ് വിമാനത്തിനു സംഭവിച്ച അപകടം. 257 പേരുമായി യാത്ര തിരിച്ച വിമാനം അന്‍റാര്‍ട്ടിക്കിലെ അഗ്നിപര്‍വതത്തിലേക്കു തകര്‍ന്നു വീഴുകയായിരുന്നു. അപകടത്തില്‍ യാത്രക്കാരും ജീവനക്കാരും ഉള്‍പ്പടെ എല്ലാവര്‍ക്കും ജീവന്‍ നഷ്ടപ്പെടുകയുണ്ടായി.

എയർ ന്യൂസീലൻഡിന്റെ ടിഇ 901 എന്ന വിമാനം അന്റാർട്ടിക്കിനു മുകളിലൂടെ താഴ്ന്നു പറക്കുകയായിരുന്നു . മുകളിൽ നീല ആകാശം. താഴെ കണ്ണെത്താ ദൂരം മഞ്ഞുപുതച്ച താഴ്വരകൾ സൈറ്റ് സീയിങ്ങിനായി ഡിസൈൻ ചെയ്ത വിമാനത്തിന്റെ ജനാലകൾക്കടുത്തുനിന്ന് യാത്രക്കാർ ക്യാമറയിൽ ചിത്രങ്ങൾ പകർത്തിക്കൊണ്ടിരുന്നു. പൈലറ്റ് ജിം കോളിൻസും കോ പൈലറ്റ് ഗ്രെഗ് കാസിനും യാത്രക്കാർക്ക് അന്റാർട്ടിക്കിന്റെ ഭൂ ഭംഗി വ്യക്തമായി കാണാനായി വിമാനം 2000 അടിയിലേക്കു താഴ്ത്തിയാണ് അപകടത്തിന് കാരണമായത് . അവരുടെയും അന്റാർട്ടിക്കിലേക്കുള്ള ആദ്യ പറക്കലായിരുന്നു അത്. മഞ്ഞിന്റെ ഒരു പടലത്തിനുള്ളിലായിരുന്നു അപ്പോൾ വിമാനം. പെട്ടെന്നാണ് അപായ സിഗ്നൽ തെളിഞ്ഞത് . വഴിയിലെന്തോ ത‌ടസ്സമുണ്ട്. എന്നാൽ അതെന്താണെന്നു ചിന്തിക്കുംമുമ്പ് തന്നെ തൊട്ടുമുന്നിൽ വൻമതിൽ പോലെ മൗണ്ട് എറേബസ് അന്റാർട്ടിക്കിലെ അഗ്നിപർവതം. നിമിഷങ്ങൾക്കകം തന്നെ വിമാനം പർവതത്തിലേക്ക് ഇടിച്ചുകയറി.

അപകടം നടന്ന് നാല്‍പതു വര്‍ഷങ്ങള്‍ക്കു ശേഷവും ഇന്നും അതിന്‍റെ ഓര്‍മകള്‍ ന്യൂസീലൻഡിനെ വിട്ടു പോയിട്ടില്ല. രാജ്യത്തെ ഓരോ പൗരനേയും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ബാധിച്ച ഒരു ദുരന്തമായിരുന്നു അത്.
ടിഇ 901 എന്ന വിമാനം എയര്‍ ന്യൂസീലൻഡ് എന്ന ദേശീയ വിമാനക്കമ്പനിയുടേതായിരുന്നു. വിമാനക്കമ്പനി അന്‍റാര്‍ട്ടിക്കിലേക്കുള്ള ഈ സര്‍വീസ് ആരംഭിച്ചത് അപകടത്തിന് രണ്ടു വര്‍ഷം മുന്‍പാണ് . അന്‍റാര്‍ട്ടിക്കിന്‍റെ ഭംഗി ആസ്വദിക്കാന്‍ സാധിക്കുന്ന അപൂര്‍വ അവസരമായതിനാല്‍ ഒട്ടേറെപ്പേര്‍ ഈ യാത്രയില്‍ പങ്കെടുത്തിരുന്നു.
വിമാനയാത്രയുടെ ദൈര്‍ഘ്യം 11 മണിക്കൂറായിരുന്നു . പറന്നുയരുന്ന അതേ വിമാനത്താവളത്തില്‍ത്തന്നെ 11 മണിക്കൂറിനു ശേഷം തിരിച്ചെത്തുന്ന രീതിയിലായിരുന്നു ക്രമീകരണം. അന്‍റാര്‍ട്ടിക്കില്‍ ലാന്‍ഡ് ചെയ്യാതെ ആകാശക്കാഴ്ചകളാണ് യാത്രക്കാര്‍ക്കു കാണാനാകുക. ലോകത്തിന്‍റെ അറ്റത്തെ മഞ്ഞുപാളികള്‍ കാണാനുള്ള ഈ യാത്ര നിരവധി പേരെ ആവേശം കൊള്ളിച്ചിരുന്നു; ടിഇ 901 അന്‍റാര്‍ട്ടിക്കിലെ മൗണ്ട് എറേബേസില്‍ തട്ടി തകര്‍ന്ന് വീഴുന്നത് വരെ.

അപകടം സംഭവിച്ചത് ഇങ്ങനെയായിരുന്നു.

രാവിലെ ന്യൂസിലൻഡിലെ ഓക്‌ലന്‍ഡ് വിമാനത്താവളത്തില്‍നിന്ന് ടി. ഇ 901 യാത്രയാരംഭിച്ചു. ഉച്ചയോടെ മൗണ്ട് എറേബേസിനു സമീപമെത്തി. യാത്രക്കാർക്ക് മികച്ച കാഴ്ച ലഭ്യമാകാൻ ക്യാപ്റ്റന്‍ വിമാനം 2000 അടിയിലേക്കു താഴ്ത്തി– അതായത് 610 മീറ്റര്‍. ഏറ്റവുമടുത്ത് അന്‍റാര്‍ട്ടിക്ക് കണ്ട ആവേശത്തില്‍ യാത്രക്കാരും ജനാലകള്‍ക്കരികെ ഫോട്ടോകള്‍ക്കായി തിരക്കു കൂട്ടി. വിമാനം നിലം പതിക്കുന്നതിന് ഏതാനും സെക്കൻഡുകള്‍ മുന്‍പ് വരെ എടുത്ത ഈ ഫോട്ടോകളില്‍ മിക്കതും പിന്നീട് അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് കണ്ടു കിട്ടിയിരുന്നു.

പക്ഷേ ഏതാനും സമയത്തിനുള്ളില്‍ പൈലറ്റിന്‍റെ കണക്കുകൂട്ടലുകള്‍ തെറ്റി. തൊട്ടു മുന്നില്‍ മഞ്ഞുപാളികള്‍ക്കു പകരം തെളിഞ്ഞത് മൗണ്ട് എറേബേസിന്‍റെ കൊടുമുടി ആയിരുന്നു. വിമാനം ഉയര്‍ത്താനുള്ള ശ്രമത്തിനു മുന്‍പുതന്നെ കൊടുമുടിയിലേക്ക് ഇടിച്ചുകയറി. അപകട വിവരം അറിയാനും അതു വിശ്വസിക്കാനും ഏറെ സമയമെടുത്തു. രക്ഷാപ്രവര്‍ത്തനത്തിനുള്ള വിമാനമെത്താന്‍തന്നെ ഏതാനും മണിക്കൂറുകൾ എടുത്തു. അതുകൊണ്ടുതന്നെ രക്ഷാപ്രവര്‍ത്തകര്‍ എത്തിയപ്പോഴേക്ക് അപടകത്തില്‍ പെട്ട ആരും ജീവനോടെ അവശേഷിച്ചിരുന്നില്ല.
വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ ലഭിച്ചത് മൗണ്ട് ഏറെബെസിന്‍റെ താഴ്‌വാരമായ റോസ് ഐലന്‍ഡില്‍ നിന്നാണ് . ഇന്നത്തെ സാങ്കേതിക വിദ്യ അന്നുണ്ടായിരുന്നെങ്കിൽ ഈ അപകടം സംഭവിക്കില്ലായിരുന്നെന്ന് വ്യോമയാന വിദഗ്ധര്‍ പറയുന്നു. അക്കാലത്ത്, സമീപത്തുള്ള തടസ്സങ്ങള്‍ തിരിച്ചറിഞ്ഞിരുന്നത് സെക്കൻഡുകള്‍ക്കു മുന്‍പായിരുന്നു. ഉദാഹരണത്തിന്, അപകടത്തില്‍ പെട്ട ടിഇ 901 വിമാനത്തിന്‍റെ സമീപത്ത് ഉയര്‍ന്ന വസ്തുവുണ്ടെന്ന മുന്നറിയിപ്പു നല്‍കുന്ന പ്രോക്സിമിറ്റി അലാം ശബ്ദിച്ചത് ഇടി നടക്കുന്നതിനു സെക്കൻഡുകള്‍ക്കു മുന്‍പായിരുന്നു.
227 യാത്രക്കാരും 30 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 44 പേരുടെ ശരീരം പോലും കണ്ടെത്താനായില്ല. ന്യൂസീലന്‍ഡിലെ ഓരോ വ്യക്തിക്കും ഈ അപകടത്തോടു വൈകാരിക ബന്ധം തോന്നാനും കാരണങ്ങളുണ്ട്. അക്കാലത്ത് 30 ലക്ഷം ആയിരുന്നു ന്യൂസീലൻഡിലെ ജനസംഖ്യ. അതുകൊണ്ടു തന്നെ അപകടത്തില്‍ മരിച്ചവരുമായോ രക്ഷാപ്രവര്‍ത്തകരുമായോ പിന്നീട്, പതിറ്റാണ്ടുകള്‍ നീണ്ട നിയമയുദ്ധത്തില്‍ പങ്കു ചേര്‍ന്നവരുമായോ ഏതെങ്കിലും തരത്തിൽ അടുപ്പമുണ്ടായിരുന്നവർ ആയിരുന്നു ഭൂരിപക്ഷം ആളുകളും